കൊറോണ വൈറസ് ഭീതിയിൽ നമ്മുടെ ആൾക്കൂട്ട സമരങ്ങളോരോന്നും തെരുവിൽ നിന്ന് പിന്മാറുകയാണ് . പൗരത്വ ഭേദഗതിയുടെ നെറികേടുകൾക്കെതിരെ നെഞ്ചു വിരിച്ച കേരളത്തിലെ സമരമുഖങ്ങളെ അതിശയോക്തിയോടെയാണ് ലോകം ഉറ്റു നോക്കിയത് . ഒരു സഡൻ ബ്രേക്കായി കൊറോണ വിഷയീഭവിച്ചപ്പോൾ സമരച്ചൂടിന് ഇളക്കം തട്ടിയത് പോലെ പോരാട്ടങ്ങളുടെ പിന്മാറ്റങ്ങൾ മറ്റൊരു കാഴ്ച്ചയാവുകയാണ്.ഈ ഘട്ടത്തിലെങ്കിലും സമരങ്ങൾ മാത്രമല്ല പരിഹാരം എന്ന് സമുദായം വിചാരപ്പെടുന്നത് നന്നായിരിക്കും. കർമ്മശാസ്ത്രം ശരി വെക്കുന്ന അത്തരമൊരു ഉത്തരത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന മതപരമായ ചില ചോദ്യങ്ങൾ പ്രസക്തമാണ് .
യസീദിന്റെ സേഛാധിപത്യത്തിനെതിരെ പ്രവാചക പൗത്രൻ ഇമാം ഹുസൈൻ(റ) കർബലയിൽ സമര പോരാട്ടത്തിനിറങ്ങിയപ്പോൾ, സ്വഹാബികളുടെ ഭൂരിപക്ഷം എന്തുകൊണ്ട് അദ്ദേഹത്തോടൊപ്പം നിന്നില്ല? ഇബ്നു അബ്ബാസ്(റ) ഉൾപ്പെടെയുള്ള പ്രവാചക കുടുംബത്തിലെ പോലും ഹുസൈൻ(റ) പുറപ്പാടിനെ നിരുത്സാഹപ്പെടുത്തുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത് എന്തുകൊണ്ട്?
കർബല ഉൾപ്പടെയുള്ള ക്രൂര ഭരണത്തിൽ പ്രതിഷേധിച്ചു മദീനക്കാർ യസീദിനെതിരെ ഹർറയിൽ സമര പോരാട്ടത്തിനിറങ്ങിയപ്പോൾ ഇബ്നു ഉമർ(റ) ഉൾപ്പെടുന്ന സ്വഹാബീ പ്രമുഖർ അതിനെ പിന്തുണയ്ക്കാതിരുന്നത് എന്തുകൊണ്ട്? കർബലയുടെ നായകൻ ഇമാം ഹുസൈന്റ മകൻ സൈനുൽ ആബിദീൻ പോലും സമരക്കാരെ പിന്തുണയ്ക്കാതെ മാറി നിന്നത് എന്തുകൊണ്ട്?
ക്രൂരനാം ഹജ്ജാജിനെതിരെ സമരം ചെയ്ത ഇബ്നു സുബൈർ(റ)നെ, അയാൾ കഴുവിലേറ്റിയപ്പോൾ, ആ ജനാസയെ നോക്കി സ്വഹാബി പ്രമുഖൻ ഇബ്നുഉമർ(റ) പൊട്ടിക്കരഞ്ഞു. ആദരണീയരിൽ ആദരണീയരായ നേതാവേ, ഈ സമരത്തിൽ നിന്ന് പിന്മാറുന്നതാണ് നല്ലതെന്ന് ഞാൻ പലവട്ടം അങ്ങയോട് പറഞ്ഞതാണല്ലോ എന്നു പറഞ്ഞു വിലപിച്ചു. എന്തുകൊണ്ട്?
അബ്ബാസി ഭരണാധികാരി മഅമൂൻ, ഖുർആൻ ദൈവവചനമെന്നു പറഞ്ഞിനു ഇമാം അഹ്മദ് ബിൻ ഹമ്പലിനെ ജയിലിലടയ്ക്കുന്ന രംഗം. ജനം പ്രക്ഷോഭത്തിനു സമ്മതം തേടി ഇമാം അവർകളെ സമീപിക്കുന്നു. ഇമാം അതിനെ പിന്തുണയ്ക്കാതെ നിരുത്സാഹപ്പെടുത്തുന്നു. എന്തുകൊണ്ട്?
താർത്താരിപ്പടയും കുരിശുയുദ്ധക്കാരും കൊമ്പുകുലുക്കി വന്നു മുസ്ലിം രാഷ്ട്രങ്ങൾ കീഴടക്കുന്ന ഹിജ്റ അഞ്ചാം നൂറ്റാണ്ട്. ഇമാം ഗസ്സാലി(റ) മുജദ്ദിദായി ഉമ്മത്തിന്റെ മുന്നിലുണ്ട്. സായുധ സമരങ്ങൾക്കു പകരം, ആത്മീയ പരിഹാരം നിർദേശിച്ചു ചരിത്രത്തിന്റെ ഗതിമാറ്റാൻ ഇമാം ഗസ്സാലി ശ്രമിച്ചു. എന്തുകൊണ്ട്?
ക്ഷയിച്ചു കൊണ്ടിരിക്കുന്ന അബ്ബാസി ഭരണത്തിനും സൽജൂഖികൾക്കും ഇടയിൽ കുരിശു പടയും താർത്താരികളും വന്നപ്പോൾ, സമരത്തിനായില്ലെങ്കിൽ സമരസപ്പെടാം എന്ന നിലപാട് ഇമാം റാസി(റ)യെ പോലുള്ളവർ സ്വീകരിക്കുന്നു, ചില ഘട്ടങ്ങളിൽ. എന്തുകൊണ്ട്?
പതിനെട്ടാം നൂറ്റാണ്ടിൽ, അൾജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ 17 വർഷം നിന്നു പൊരുതിയ സമര നായകനാണ് സൂഫീ പണ്ഡിതനായ അബ്ദുൽ ഖാദിർ ജസാഇരി. പിന്നീട് അദ്ദേഹം സമരത്തിനു പകരം സമരസപ്പെടലിന്റെ ശൈലി സ്വീകരിക്കുകയും ഫ്രഞ്ച് ചക്രവർത്തി നൊപ്പോളിയനോട് അനുനയത്തിൽ കഴിയുകയും ചെയ്തു. എന്തുകൊണ്ട്?
ബ്രിട്ടനെതിരെ ഇന്ത്യയാകെ സമര പോരാട്ടം നടത്തി കൊണ്ടിരുന്ന സമയത്ത്, സമരമല്ല, സമരസപ്പെടലാണ് ഗുണം ചെയ്യുക എന്ന് ചില പക്വമതികൾ പറഞ്ഞു. പുരോഗമനവാദിയായ സർ സയ്യിദ് അഹ്മദ് ഖാൻ മുതൽ യാഥാസ്ഥിതികനായ അഹ്മദ് റസാഖാൻ ബറേൽവി വരെ. എന്തുകൊണ്ട്?
മലബാറിൽ ഖിലാഫത്തിന്റെ പേര് പറഞ്ഞ് 1921ൽ ആൾക്കൂട്ടം സമര പോരാട്ടങ്ങളുമായി ഇറങ്ങിയപ്പോൾ അരുതെന്നു പറയാൻ ചില വിചാരജീവികളുണ്ടായി. പുരോഗമന പക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ട സനാഉല്ലാഹ് മക്തി തങ്ങൾ മുതൽ, മഖ്ദൂമീ പണ്ഡിതപരമ്പരയിലെ അവസാന കണ്ണിയും പൊന്നാനി മഊനത്തത്ത് സ്ഥാപകനുമായ കുഞ്ഞൻ ബാവ മുസ്ലിയാർ വരെ. എന്തുകൊണ്ട്?
അറബ് വസന്തമെന്നും മുല്ലപ്പൂ വിപ്ലവമെന്നും പറഞ്ഞ്, 2010 ൽ സേഛാധിപതികളായ ഭരണകൂടത്തിനെതിനെതിരെ ഈജിപ്ത് മുതൽ സിറിയവരെ ജനം തെരുവിലിറങ്ങിയപ്പോൾ അതിനെ പിന്തുണയ്ക്കാതെ മാറി നിന്ന അനേക പണ്ഡിതന്മാർ മുസ്ലിം ലോകത്തുണ്ടായി. ശഹീദുൽ മിഹ്റാബ് ഇമാം സഈദ് റമള്വാൻബൂത്വി മുതൽ ശൈഖ് അലിജുമുഅവരെ. എന്തുകൊണ്ട്?
ഇനി ഒരു മറു വിചിന്തനം അനിവാര്യമാണ്.
സമരങ്ങൾ മാത്രമാണോ മറുവഴി? സമരങ്ങളും പോരാട്ടങ്ങളും ആൾക്കൂട്ടങ്ങൾക്ക് എന്നും ആവേശമാണ്. അതിന്റെ പരമ ഫലവും ആത്യന്തിക ശേഷിപ്പും എന്തായിരിക്കുമെന്ന് പലപ്പോഴും ജനം ചിന്തിക്കാറില്ല. കളത്തിലിറങ്ങി കളിച്ചവർ ആപ്പിലാവുകയും, കളി കണ്ടു നിന്നവർ കപ്പും കൊണ്ട് പോവുകയും ചെയ്തതിനു ചരിത്രത്തിലെമ്പാടും ഉദാഹരണങ്ങൾ കാണാം.
ചരിത്രത്തിലേക്കു നോക്കൂ. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമെന്നും അധിനിവേശ വിരുദ്ധ സമരമെന്നും പറഞ്ഞു കുറേ ചോര ചിന്തി. അനേകായിരം മനുഷ്യരെ കൊലയ്ക്കു കൊടുത്തു. എന്തായിരുന്നു അതിന്റെ ശേഷ വിശേഷങ്ങൾ? ഇരുപതാം നൂറ്റാണ്ടിൽ 63 രാജ്യങ്ങൾ ബ്രിട്ടന്റെ കൈപിടിയിൽ നിന്നു വഴുതി, സ്വയം ഭരണം ഉണ്ടാക്കിയ പോലെ ഇന്ത്യയ്ക്കും സ്വയംഭരണം (സ്വാതന്ത്ര്യമല്ല)കിട്ടി. യൂണിയൻ ജാക്കിനു പകരം ത്രിവർണ പതാക വന്നു. വൈസ്രോയിക്കു പകരം പ്രധാനമന്ത്രി വന്നു. അഥവാ ലാത്ത പോയി മനാത്ത വന്നു!
ജീവൻ കൊടുത്തവർക്കും ചോര ചിന്തിയവർക്കും എന്തു കിട്ടി? മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്നു പറഞ്ഞ പോലെയായി പിന്നീട് കാര്യങ്ങൾ. അധികാരം ഒരു പ്രത്യേകയിടത്ത് കേന്ദ്രീകരിക്കപ്പെട്ടു. ഇതൊക്കെ മുൻ കൂട്ടി കണ്ടു കൊണ്ടാവണം സർ സയ്യിദ് മുതൽ അംബേദ്കർ വരെയുള്ളവർ സമരങ്ങൾക്കു പകരം സമരസപ്പെടലിന്റെ വഴി സ്വീകരിച്ചത്.
ആവേശങ്ങൾക്കപ്പുറം ആലോചനകൾ നല്ലതാണ്. സമര നൈരന്തര്യം ഒരു സമൂഹത്തെയും വളർത്തുകയില്ല. തളർത്തുകയേ ഉള്ളൂ. ഈ രാജ്യം നശിപ്പിച്ചേ അടങ്ങൂ എന്ന് ഭരിക്കുന്നവർക്ക് വാശിയാണെങ്കിൽ, ഭൂരിപക്ഷ ജനതയുടെ ഹിതം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. പിന്നെ എന്തിനാണ് ഈ ന്യൂനപക്ഷങ്ങളിങ്ങനെ സമരം ചെയ്തു വിയർക്കുന്നത്? മുങ്ങുന്ന ഈ കപ്പലിൽ ആദ്യം മുങ്ങിമരിക്കാൻ ന്യൂനപക്ഷങ്ങൾ നേർച്ച നേരേണ്ടതില്ല.
സ്വാദിഖ് ഫൈസി താനൂര്‍
COMMENTS