മേളകളും ഉത്സവങ്ങളും എപ്പോഴും ആളും തിരക്കും നിറഞ്ഞ ആരവങ്ങളുടേതാണ്. അവിടെ പലതരത്തിലുള്ള സാമൂഹികവും സാംസ്ക്കാരികവും സാമ്പത്തികവുമായ വിനിമയങ്ങൾ നടക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള ഉത്സവപ്രതീതിയുണർത്തുന്ന വിനിമയങ്ങളുടെ ഇടങ്ങൾ ഒരുങ്ങിയിരുന്നത് മതങ്ങളുടെ ചുറ്റുവട്ടങ്ങളിലായിരുന്നു. അതല്ലെങ്കിൽ ഓരോ നാട്ടിലും നിലനിൽക്കുന്ന ഉപജീവനമാർഗ്ഗവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക പശ്ചാത്തലങ്ങളുടെ ചുവടു പിടിച്ചുകൊണ്ടായിരുന്നു. കേരളത്തിലും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ആഘോഷിച്ചു പോരുന്ന കാർഷികോത്സവങ്ങൾ ഇതിനു വലിയൊരു ഉദാഹരണമാണ്. ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും ഇതിനു സമാനമായ ആ സംസ്ക്കാരത്തിന്റെ, അല്ലെങ്കിൽ ആ നാഗരികതയുടെ ജൈവികതയിൽ നിന്ന് ഉയർന്നു വന്നിട്ടുള്ള ആഘോഷങ്ങളും ഉത്സവങ്ങളും മേളകളും കാണാം. ആ സാംസ്ക്കാരിക സമൂഹത്തിൽ എല്ലാ തരത്തിലുമുള്ള നിർമ്മാണാത്മകമായ വിനിമയങ്ങളെ സാധ്യമാക്കുന്നതിൽ ഇത്തരം ഉത്സവങ്ങൾക്കെല്ലാം വലിയ പങ്കുമുണ്ട്. എന്നാൽ നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ നിർമ്മിത സാംസ്ക്കാരികതകൾക്കും അതിലുണ്ടായേക്കാവുന്ന അജൈവിക വിനിമയങ്ങൾക്കും പ്രാധാന്യമുണ്ടെന്നതു പോലെ നിർമ്മിത മേളകൾക്ക് വലിയൊരു പ്രാധാന്യം ലഭിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത്തരം മേളകൾ കമ്പോളവത്കൃതമായ ഇക്കാലത്ത് പുതിയൊരു സംസ്ക്കാരമായി മാറിയിട്ടുണ്ട്. പലപ്പോഴും അതിന്റെ അപകടങ്ങളെ മനസ്സിലാക്കാൻ സാധിക്കാതിരുന്നത് പല സംസ്ക്കാരങ്ങളിലുമുണ്ടായിരുന്ന ഗ്രാമച്ചന്തകളുമായും സാംസ്ക്കാരികോത്സവങ്ങളുമായും ഇതിനുള്ള സാമ്യം കൊണ്ടായിരുന്നു.
ഇവിടുത്തെ ചർച്ച, മേളകളും കമ്പോളവത്കൃത സംസ്ക്കാരവും ലിബറൽ സംസ്ക്കാരവും തന്നെയാണ്. എന്നാൽ ഇവക്ക് ഉദാത്തമായ ബൌദ്ധിക പരിവേഷം ചാർത്തപ്പെടുമ്പോൾ ലഭിക്കുന്ന സാമൂഹിക സാംസ്ക്കാരിക അംഗീകാരവും ഇതിലൂടെ ഇവർ ഒളിച്ചുകടത്തുന്ന ആശയങ്ങളുമാണ് ചിന്താവിഷയം. കേരളത്തിന്റെ ബൌദ്ധികമണ്ഡലത്തിലെ അവിഭാജ്യഘടകമെന്നു പലരും വിശ്വസിക്കുന്ന സാഹിത്യമേള അവസാനിച്ചു കഴിഞ്ഞു. ഈ സാഹിത്യമേള ആദ്യമായി ആരംഭിക്കുന്നതിനു മുമ്പും കേരളത്തിൽ വിവിധ പ്രസാധകരുടെ പുസ്തകമേളകൾ നടന്നിട്ടുണ്ട്. ചില സാഹിത്യകാരന്മാരൊക്കെ വന്ന് സംസാരിച്ചുപോവുകയും പലതരത്തിലുള്ള വിലക്കിഴിവുകളിൽ പ്രസാധകരുടെ പുസ്തകങ്ങൾ വിറ്റഴിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ പ്രസാധകർ ഒരുമിച്ചും ഒറ്റയായും സംഘടിപ്പിക്കുന്ന ഇത്തരം പുസ്തകമേളകളേക്കാൾ വലിയൊരു പ്രസക്തി സാഹിത്യമേള എന്ന പേരിൽ നടത്തപ്പെടുന്നതിന് ലഭിക്കുന്നുണ്ട്. വിൽപ്പനയേക്കാൾ അവിടെ നടക്കുന്നത് വിവിധ സാമൂഹിക സാംസ്ക്കാരിക തലങ്ങളിലുള്ളവർ പങ്കെടുക്കുന്ന സംവാദങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഈ വേദിയിലെത്തുന്നുണ്ട് എന്നതെല്ലാം ശരിയാണ്. അതിനപ്പുറം പുസ്തകം എന്ന സാഹിത്യമാധ്യമത്തിന്റെ മേഖലയിൽ ഒരു മേൽക്കൈ സൃഷ്ടിക്കുക തന്നെയാണ് ഇത്തരം മേളകൾക്കു പിന്നിലെ താത്പര്യമെന്ന് പല സാഹിത്യകാരന്മാർക്കും അഭിപ്രായമുണ്ട്. പിന്നെ കേരളത്തിന്റെ പുസ്തകവ്യവസായ മേഖലയിൽ മുൻപന്തിയിലുള്ള, വലിയൊരു സാഹിത്യപാരമ്പര്യവും കച്ചവട പാരമ്പര്യവുമുള്ള ഭീമൻ സ്ഥാപനങ്ങളോട് തുറന്നൊരു വിമർശനത്തിന് ഒട്ടു മിക്ക സാഹിത്യകാരന്മാരും തയ്യാറാകണമെന്നില്ല. കാരണം, കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെ വായനാസംസ്ക്കാരത്തെ നിർണ്ണയിക്കുന്നതിലും, വായനയുടെ അഭിരുചികളെ പരിപോഷിപ്പിച്ചെടുത്തതിലും ഇത്തരം പ്രസാധനാലയങ്ങൾക്കും അവർ നടത്തുന്ന സാഹിത്യവേദികൾക്കും വലിയൊരു പങ്കുണ്ട്. പരന്ന വായനയെ പ്രോത്സാഹിപ്പിക്കുന്ന അത്തരമൊരു വായനാസംസ്ക്കാരത്തിൽ നിന്ന് ചില എഴുത്തുകാരുടെ, അല്ലെങ്കിൽ തുറന്ന, അതിരുകളില്ലാത്ത സ്വാതന്ത്ര്യബോധത്തിന്റെ വക്താക്കളുടെ എഴുത്തുകളിലേക്ക് മാത്രമായി കേരളത്തിന്റെ വായനാസംസ്ക്കാരം ചുരുങ്ങിയിട്ടുണ്ട്. ഒരു സാഹിത്യം ഒരു ചിന്ത എന്ന ലക്ഷ്യത്തെ മുൻനിർത്തി പുസ്തക കച്ചവടത്തിന്റെ ചേരുവകൾ സമാസമം ചേർത്ത് അടിച്ചിറക്കുന്ന പുസ്തകങ്ങൾ, അവയെ കുറിച്ച് സംസാരിക്കാൻ എഴുത്തുകാർ എത്തുന്നു, സംസാരിക്കുന്നു. മറ്റേത് പ്രസാധകരുടെ പുസ്തകങ്ങളേക്കാളും എഴുത്തുകാരേക്കാളും ഈ പ്രസാധകരുടെ കുടക്കീഴിലുള്ളവർക്ക് ദൃശ്യത ലഭിക്കുമ്പോൾ ആരാണിവരുടെ വേദിയിലെത്താതിരിക്കുക? ആരാണ് ഇവരുടെ പുസ്തകങ്ങൾ വാങ്ങാതെയും വായിക്കാതെയുമിരിക്കുക?
സാമൂഹിക സാംസ്ക്കാരിക പരിപ്രേക്ഷ്യങ്ങളിൽ നിന്ന് വ്യവഹാരങ്ങൾ നടത്തുന്ന ജനതക്ക് ഒരിക്കലും കലയേയോ സാഹിത്യത്തേയോ ഇതിന്റെയെല്ലാം ഭാഷാവിഷ്ക്കാരങ്ങളായ പുസ്തകങ്ങളെയോ തള്ളിപ്പറയാൻ സാധ്യമല്ല. ഇതിനെക്കുറിച്ചെല്ലാം സംവദിക്കുന്ന വേദികൾ അനിവാര്യമാണു താനും. എന്നാൽ ഈ വേദികൾക്കു പിന്നിൽ ലിബറൽ സംസ്ക്കാരത്തിന്റേയും കമ്പോള സംസ്ക്കാരത്തിന്റേയും ഉപഭോഗ തന്ത്രങ്ങൾ അരങ്ങേറുന്നുണ്ടെങ്കിൽ ഏതു വിധത്തിലാണ് ഈ പ്രശ്നങ്ങളെ സമൂഹത്തിന് അഭിസംബോധന ചെയ്യാൻ സാധിക്കുക? ഏതു പുരുഷാരത്തിനിടയിലും അതു പള്ളിപ്പറമ്പിലോ പൂരപ്പറമ്പിലോ ആവട്ടെ ഒരു ചീട്ടുകളി സംഘവും മദ്യവും വഴക്കുമെല്ലാം സാധാരണമാണ്. എന്നാൽ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന സ്ത്രീകളോ കുട്ടികളോ ഇതിലൊന്നും താത്പര്യമില്ലാത്തവരോ ആ ഭാഗത്തേക്കു പോവുകയോ അതിന്റെ ഭാഗമാവുകയോ ചെയ്യുന്നില്ല. കാരണം, അത് നന്മയുടെ ഭൂമിയിലെ തന്നെ തിന്മയുടെ താഴ്വാരമാണെന്ന ബോധ്യം അവിടെയെത്തുന്നവർക്കുണ്ട്. ആ ബോധ്യം ഉണ്ടാവുന്നതാവട്ടെ കാലങ്ങളായി സംവഹിച്ചു വന്നൊരു സാമൂഹികവും സാംസ്ക്കാരികവുമായ അവബോധത്തിലൂടെയുമാണ്. എന്നാൽ ഇത്തരം നിർമ്മിത സാംസ്ക്കാരിക വേദികളിലെ തിന്മകളെ, അതിനി ലഹരിയുടെ ഉപയോഗമാകട്ടെ മറ്റു ലിബറൽ ആശയങ്ങളുടെ പ്രചരണമാകട്ടെ ഇവയെ എങ്ങനെ പ്രതിരോധിക്കണമെന്ന് ചിന്തിക്കേണ്ടതും അവക്കുള്ള മാർഗ്ഗങ്ങൾ ആവിഷ്ക്കരിക്കേണ്ടതും ഇവിടുത്തെ മതങ്ങളാണ്. കാരണം, ഏതൊരു മതത്തിലും നൈസർഗ്ഗികമായിരിക്കുന്ന മൌലിക ധാർമ്മികതകളെ ഇത്തരം മേളകളിലൂടെ ലിബറലിസം ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം വേദികളിൽ നന്മ സംസാരിക്കുന്നില്ലെന്നോ ഇവിടെ നടക്കുന്നത് അരാജകത്വത്തിന്റെ ആഹ്വാനമാണെന്നോ അല്ല പറയുന്നത്. ദൃശ്യതക്കു വേണ്ടി പല നന്മയുടെ വക്താക്കളും മതത്തിന്റെ വക്താക്കളും ഇത്തരം വേദികളിലെത്തപ്പെടുന്നുണ്ട്. അവരും അവർ പറയുന്ന ആശയങ്ങളും ഹൈജാക്ക് ചെയ്യപ്പെടുക എന്നതല്ലാതെ നിർമ്മാണാത്മകമായൊരു വിനിമയം അവർക്ക് ഇത്തരം ലിബറൽ ഇടങ്ങളിൽ സാധ്യമാവുന്നില്ല. എന്നാൽ, ഇത്തരം വേദികളിൽ ശ്രോതാക്കളായും വളണ്ടിയർമാരായും എത്തുന്ന കൌമാരവും യുവതലമുറയും അപകടകരമായ ആശയങ്ങളിലും ജീവിതശൈലികളിലും സ്വാധീനിക്കപ്പെടുന്നുണ്ട് താനും.
ഏതെങ്കിലും ആണ്ടുനേർച്ചക്കോ ഉത്സവത്തിനോ പങ്കെടുത്തില്ലെങ്കിൽ മതവിശ്വാസിയല്ലാതായി നാം മാറുന്നില്ല. എന്നാൽ ഇത്തരം ചില പ്രഖ്യാപിത ബൌദ്ധികഇടങ്ങളിൽ പങ്കെടുക്കാത്തവർ സാഹിത്യകാരന്മാരല്ലെന്നോ സാംസ്ക്കാരിക പ്രവർത്തകരല്ലെന്നോ സ്വയംതോന്നിക്കുന്ന തരത്തിൽ കേരളത്തിലെ വലിയൊരു ജനപ്രിയ സംസ്ക്കാരമാക്കി ഈ മേളകളെ മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതിൽ അത്ഭുതമുണ്ട്. ഇത്തരം പരിപാടികളിലേക്ക് വിദ്യാർത്ഥികളെ നിർബന്ധമായും പറഞ്ഞയക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും പലപ്പോഴും ഇവിടെ എന്തു നടക്കുന്നു എന്നതിനെ കുറിച്ച് ബോധവത്ക്കരിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെ വലിയൊരു പ്രശസ്ത സമൂഹം ഒരുമിച്ചെത്തി സംവദിക്കുന്ന ഇത്തരം ലിബറൽ വേദികൾ സമൂഹത്തിന്റെ അഭിപ്രായസ്വരൂപണത്തിന്റെ ഇടമായി മാറുന്നതിനെ ഭയക്കേണ്ടതുണ്ട്. ഇന്നത്തെ കൌമാരത്തിന്റേയും യുവത്വത്തിന്റേയും ജീവിതശൈലികളിൽ, മാനസികവ്യാപാരങ്ങളിൽ വലിയൊരു സ്വാധീനവും പ്രക്ഷോഭകരമായ മാറ്റങ്ങളും സൃഷ്ടിക്കാൻ ഇത്തരം വേദികൾക്കു സാധിക്കുമെന്നിരിക്കെ അവിടെ സംവദിക്കപ്പെടുന്നത് അല്ലെങ്കിൽ ഇത്തരം വേദികളിൽ നിന്നുള്ള സമഗ്രസന്ദേശം ലിബറൽ സംസ്ക്കാരത്തെ വഹിക്കുന്നതാണെങ്കിൽ സാഹിത്യ-സാംസ്ക്കാരിക മേളകളെന്ന് പേരിട്ടു വിളിക്കുന്ന ഈ ഈ ജനപ്രിയ വേദികൾ അപകടകരമല്ലേ എന്ന് കേരളീയ സമൂഹത്തിൽ ധർമ്മസംസ്ഥാപനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഓരോ മതങ്ങളും ചിന്തിക്കേണ്ടതുണ്ട്.
ഇവിടെയുള്ള ബദൽമാർഗ്ഗം ജനപ്രിയതയെ പുനർനിർമ്മിക്കുക എന്നുള്ളതാണ്. എല്ലാ മതങ്ങൾക്കും കലകളും സാഹിത്യവുമുണ്ട്. ലിബറൽ ലോകത്തിന്റെ കലയും സാഹിത്വവും പലപ്പോഴും മതത്തിന്റേയും സമുദായത്തിന്റേയും കലാസാഹിത്യസാംസ്ക്കാരിക മൂല്യത്തെ വൈയക്തിക വികാരവിചാരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ചോദ്യം ചെയ്യുന്നതായതു കൊണ്ടാണ് അവക്ക് പ്രചുരപ്രചാരം സിദ്ധിച്ചത്. മതങ്ങളിൽ അധിഷ്ഠിതമായുണ്ടായ കലകളെയും സാഹിത്യത്തേയും മറ്റു സാംസ്ക്കാരിക വ്യവഹാരങ്ങളേയും മതത്തിന്റെ ആളുകൾ വ്യാപകമായി പരിപോഷിപ്പിച്ചില്ലെന്നതും ഇവയെ തെറ്റായി വ്യാഖ്യാനിക്കുന്നതിന് ലിബറലുകൾക്ക് വലിയ സാധ്യതയും തുറന്നുകൊടുത്തിട്ടുണ്ട്. ഇത്തരം ലിബറൽ വേദികളിൽ സംവദിക്കുന്ന ആശയങ്ങൾ ഇവിടുത്തെ ഭാവിതലമുറയെ ഗ്രസിക്കുന്നതിനു മുമ്പ് ഈ തലമുറയുടെ സർഗ്ഗാത്മക ക്രയശേഷിയെ കലാസാംസ്ക്കാരികമായ രീതിയിൽ വിനിയോഗിക്കുന്നതിനുള്ള വേദികൾ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നതിനു പകരം മതങ്ങൾ ഏറ്റെടുത്തു നടത്തണം. ഈ കച്ചവടസ്ഥാപനങ്ങൾക്കു ലഭിക്കുന്ന സർക്കാർ പിന്തുണ ഇത്തരം മതങ്ങൾ നടത്തുന്ന പരിപാടികൾക്കു ലഭിക്കണം. കാരണം, മതമൂല്യങ്ങൾ പറയുന്ന കലയേയും സാഹിത്യത്തേയും ലിബറൽ ഇടങ്ങൾ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യാത്തിടത്തോളം അത് മതങ്ങളുടെ ധർമ്മം തന്നെയാണ്. ഈ ബദൽമാർഗ്ഗത്തിന്റെ ലക്ഷ്യം മതവിഭാഗീയതയോ കലയിലും സാഹിത്യത്തിലും വിഭാഗീയത കൊണ്ടുവരികയോ അല്ല. പകരം, മതങ്ങളിലെ സാംസ്ക്കാരിക സാഹിത്യ മൂല്യങ്ങളെ ധാർമ്മികമായ രീതിയിൽ എല്ലാ മതങ്ങളും ഒത്തുച്ചേർന്ന് നടപ്പിലാക്കുക എന്നതാണ്. അതൊരു ജനപ്രിയ സംസ്ക്കാരമായി മാറിയില്ലെങ്കിൽ മതങ്ങളിലുള്ള സാംസ്ക്കാരിക സാഹിത്യമൂല്യങ്ങൾ പറയപ്പെടാതെയും പറയുന്നവ തന്നെ വളച്ചൊടിച്ച് ഇത്തരം വേദികളിൽ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യവും വരും.
എല്ലാം അവസാനിച്ച് വേദികളും കച്ചവട സ്റ്റാളുകളും പൊളിക്കുമ്പോൾ, മറ്റൊന്ന് കെട്ടിപ്പൊക്കാനൊരുങ്ങുമ്പോൾ ഇത്തരം സാഹിത്യോത്സവങ്ങൾ വ്യക്തിക്കും സമൂഹത്തിനും എന്തു നൽകി എന്നു അവിടങ്ങളിലെത്തുന്ന പ്രാസംഗികരും ശ്രോതാക്കളും പുനഃപരിശോധിക്കേണ്ടതുണ്ട്. നാം നമ്മുടെ അഭിപ്രായങ്ങളെ മറ്റുള്ളവർക്കു മുമ്പിൽ അവതരിപ്പിക്കുകയാണോ അതല്ലെങ്കിൽ ഒരു സ്ഥാപിത താത്പര്യത്തിന്റെ ഭാഗമായി മാറുകയാണോ ചെയ്തത് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മുസ്ലിം സമുദായത്തിനിടയിൽ നിന്നുള്ള ബുഖാരി ഫെസ്റ്റ്, വാഫി ഫെസ്റ്റ്, സിബാഖ് പോലുള്ള പരിപാടികൾക്കു സമാനമായോ എല്ലാ മതങ്ങളിലും സംഭവിക്കണം. അനന്തരം, സ്ക്കൂൾ കലോത്സവത്തിൽ എല്ലാ മതസംസ്ക്കാരത്തിന്റേയും കലകളും അരങ്ങേറുന്നതു പോലെ എല്ലാ മതങ്ങളും ചേർന്നിരുന്ന് സാഹിതീയവും സാംസ്ക്കാരികവുമായ വിനിമയത്തിലേർപ്പെട്ടാൽ മാത്രമേ ധാർമ്മികമായ പരിഷ്ക്കരണങ്ങളും സംസ്ക്കാരവും ഈ സമൂഹത്തിൽ സാധ്യമാവുകയുള്ളൂ.
ഡോ. മുനവ്വർ ഹാനിഹ് ടി.ടി
COMMENTS