നിറം വെക്കാത്ത സ്വപ്നങ്ങളുടെ ലോകത്താണ് നാം അധികപേരും മോഹങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചു വെക്കാറ്. അത്തരത്തിലുള്ള ആശയങ്ങളുടെ സംഹിതയാണ് നമ്മുടെ ചുറ്റുപാടുകൾ.
ഒരർത്ഥത്തിൽ സ്വപ്നങ്ങളുടെ വാതായനങ്ങളായി നമ്മുടെ പ്രകൃതികളെ വിലയിരുത്താമെങ്കിലും, നവനീത ലോകത്തിൻ്റെ അറം പറ്റുന്ന ചെയ്തികളാണ് ഇന്ന് നമുക്ക് ചുറ്റും നടമാടുന്നതെന്ന് പകൽ
പോലെ സത്യമായ വസ്തുതകളാണ്. പ്രകൃതി ചൂഷകർക്കു മുമ്പിൽ തുറന്നു വെക്കുന്ന ഉൽബോധനമാണ് പി.കെ. പാറക്കടവിന്റെ 'വേരും തളിരും' എന്ന മിനിക്കഥ."ഭൂമിയിലായിരിക്കുമ്പോൾ
ഒരു കീറ് ആകാശവും
ആകാശത്തായിരിക്കുമ്പോൾ ഒരു പിടി മണ്ണും സൂക്ഷിക്കുക. ഭൂമിയിലും നിങ്ങൾ തളിർക്കും
ആകാശത്തിലും വേരു പടരും" അരക്കെട്ടിനെ ഊട്ടി ഉറപ്പിക്കുന്ന മഹിതമായ സന്ദേശമാണ് എഴുത്തുകാരൻ ഈ മിനിക്കഥയിലൂടെ നമ്മളിലേക്ക് വെച്ചു തരുന്നത്.
ഭൂതകാല വിസ്മൃതിയിലാണ്ടുപോയ എഴുത്തുകൾക്ക് പലതിനും പ്രകൃതിയെ എത്രമാത്രം സ്വാധീനിക്കാൻ കഴിഞ്ഞു വെന്നത് അളന്നടുക്കേണ്ടവ തന്നെയാണ്. നിളയിലൂടെ കൈരളി സ്വായത്തമാക്കിയ വൈജ്ഞാനിക മണ്ഡലം കൃത്രിമ നിർമിതികളുടെ കാലത്ത് എന്നും ജിജ്ഞാസ ഉളവാക്കുന്നവയാണ്. ഇവിടെ പ്രകൃതിയും മനുഷ്യനും എത്രമാത്രം ഒത്തിണങ്ങിയ പൂരകങ്ങളെന്ന് നാം കെടുതികളിലൂടെ ചർച്ച ചെയ്തങ്കിലും രാഷ്ട്രീയ കുപ്പായ മണിഞ്ഞിരിക്കുകയാണ് ഇന്ന് ഓരോ നെൽ വയലും. ഉയർന്നു നിൽക്കുന്ന പർവതങ്ങൾ നമ്മെ എത്രമേൽ സ്പർശിച്ചെന്നു തിരക്കിയാൽ കൈയ്യെത്താ ദൂരെ ഒരു ഫാക്ടറിയെ വെച്ചു പിടിപ്പിച്ച സന്തോഷമാണേവർക്കും.
എന്നാൽ ഇത്തരം അനിഷ്ട ചലനങ്ങൾ നമ്മുടെ ആശയങ്ങൾക്കും ക്രിയാത്മക ഇടപെടലുകൾക്കും വലിയ രീതിയിൽ പോറലേൽപ്പിക്കുന്നവയാണ്. സംസ്കാരങ്ങളും സംസ്കൃതിയും കുമിഞ്ഞു കൂടുമ്പോൾ മണ്ണിടിയുന്നത് ഫലവത്തായ ഭൂമികയിൽ നിന്നാണെന്ന് ഇനിയും നാം തിരിച്ചറിയാതെ പോകരുത്. മനുഷ്യന്റെ ആന്തരിക വളർച്ചയും വ്യക്തിതല ഇടപെടലുകളും പ്രകൃതി തല സംവേദനവും ഭീമമായി നടക്കുന്നിടത്താണ് വിശാലമായ സ്വപ്നങ്ങൾ നമുക്കു മുമ്പിൽ വിടരുന്നത്. ഇനിയും മരിക്കാത്ത ഭൂമി നിൻ ആസന്നമൃതിയിൽ നിനക്കാത്മ ശാന്തി എന്ന് പറഞ്ഞു വെച്ച ഒ എൻ വി തലവാചകം കുറിച്ചത് ഭൂമിക്കൊരു ചരമഗീതം എന്നല്ലേ. അതൊരു പദ സങ്കോചങ്ങളുടെ ഇണ ചേരലിലല്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പ്രകൃതി അനിവാര്യ ഘടകമായി മാറിയിരിക്കുന്നു എന്നത് പാറക്കടവിൻ്റെ വരികളിൽ സുവ്യക്തമാണ്. ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാശം എന്നതുകൊണ്ട് നല്ല സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ് വിവരിക്കുന്നത്. നാം കടന്നുവന്ന വഴികളെയും മാർഗ ദർശികളായ സർവ്വരെയും ഇനിയത്ര ഉന്നതരാണങ്കിലും ഓർക്കാനും കഥാകൃത്ത് നമ്മോട് ആവശ്യപ്പെടുന്നുണ്ട്. സ്വപ്നങ്ങളെ ശിരസ്സാവഹിക്കുന്ന കലർപ്പില്ലാത്ത രക്തഭദ്രമായ മണ്ണുമുണ്ടങ്കിൽ നാം തന്നെയാണ് നമ്മുടെ സ്വപ്നങ്ങൾ നെയ്തെടുക്കുന്നതെന്ന് ഈ കഥയുടെ ഉൾനാമ്പുകൾ പറഞ്ഞു തരുന്നത്. മിനിക്കഥകളിലൂടെ, വിശിഷ്യ പ്രകൃതിയെ രചന കൊണ്ടും ജീവിതം കൊണ്ടും ചേർത്തുപിടിച്ച മറ്റൊരു വ്യക്തിയെ നമുക്ക് കാണാൻ കഴിയില്ല. മനുഷ്യനോട് നേരിട്ട് അഭിസംബോധന ചെയ്യുന്ന സ്വഭാവമാണ് പാറക്കടവിന്റെ അധിക രചനകളും. ജീവിതത്തിലേക്കു പറിച്ചു നടേണ്ട നന്മയുടെ പാഠത്തേയാണ് മികച്ച ആഖ്യാന മികവിലൂടെ പി.കെ പാറക്കടവ് കൊത്തിവെക്കുന്നത്. കാൽപ്പനിക ലോകത്ത് പക്വതയാർന്ന സമീപനങ്ങളാണ് 'വേരും തളിരും' എന്ന കഥക്ക് ഇത്രമേൽ പ്രസക്തി നേടികൊടുത്തതെന്ന് പറയേണ്ടതില്ലല്ലോ. എല്ലാം വിട്ടെറിഞ്ഞ് നാം മാത്രമായി ചുരുങ്ങിയ സൈബർ ലോകത്തിൻ്റെ വിള്ളിച്ചകളെ ഈ മിനി കഥയിലൂടെ നമുക്ക് പറുക്കിയെടുക്കാൻ സാധിക്കുന്നവയാണ്.
പാറക്കടവിന്റെ 'വരദാനം' എന്ന മിനിക്കഥയും പ്രകൃതിയുടെ മൂർത്തമായ ഘടകങ്ങളും ഏത് സമീക്ഷ മനോഭാവത്തോടെ മനുഷ്യൻ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കുന്നുണ്ടങ്കിലും കഥയുടെ ആശയങ്ങൾ ഒന്നു ഇഴകീറി പരിശോധിക്കേണ്ടതു തന്നെയാണ്. "ഒരു കാലടിയൊച്ച പിന്നെ ഒരു അലർച്ചയോടെ കോളിങ് ബെല്ലിന്റെ ശബ്ദം. വാതിൽ പാളി ഒന്നു തുറന്നു നോക്കിയപ്പോൾ അയാൾ തന്നെ കടലാസു നീട്ടി അയാൾ പറഞ്ഞു നിങ്ങൾ ശ്വസിച്ച വായുവിന്റെ ബില്ല് " ദിനേനെ മനുഷ്യൻ ശ്വസിക്കുന്ന വായുവിന് ഒരു സുപ്രഭാതത്തിൽ പെയ്മെന്റ് നൽക്കേണ്ടിവരുന്ന അവസ്തയെ നാം ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ വരും ദിനങ്ങളിൽ അത്തരമൊരു ഘടനയിലേക്ക് നാം എത്തിക്കൂടില്ലെന്ന് ആർക്കാണ് ഉറപ്പിക്കാൻ കഴിയുക. ഫാക്ടറി തല വളർച്ചയും യാന്ത്രിക ഉയർച്ചയും ഉഴുതു മറിച്ചത് മനുഷ്യ ജീവന്റെ അമൂല്യമായ മുത്തുകളെയാണ്. കൃത്രിമ കടലാസ് പൂക്കൾ വിടർത്തുന്ന സൗന്ദര്യത്തേക്കാൾ പതിന്മടങ്ങ് ഊർജവും അഴകും തനിമയും പ്രകൃതിയുടെ വിഭവങ്ങളിൽ തന്നെയാണ്.
പൂർവ കാല കഥകളിലേതുപോലെ സമ്പന്നമായ സാമൂഹിക പശ്ചാതലം ഇന്ന് നമുക്കിടയിലില്ല. നാട്ടു വൃക്ഷങ്ങളും സസ്യലദാതികളാലും നിറഞ്ഞു നിന്നിരുന്ന നാലു കെട്ടുകൾ നാട്ടിൻ പുറങ്ങളിൽ വിരളമായതു പോലെ കേളി കേട്ട നാളികേരവും പ്ലാസ്റ്റിക് പോർട്ടുകളിലേക്ക് ഒതുങ്ങിക്കൂടിയിട്ടുണ്ട്.ഇത്തരം വിള്ളിച്ചകളെ ചൂണ്ടി കാണിക്കുന്ന 'കേരളം' എന്ന മിനിക്കഥ "ശങ്കരൻ വീണ്ടും തെങ്കിൻ മേൽ കയറി രണ്ടു പെപ്സി ഒരു സവനപ്പ് മൂന്നു കൊക്കക്കോള ഇത്രയും താഴെയിട്ടു" നമ്മുടെ ഇന്നത്തെ അവസ്ഥയെ വെറും രണ്ടു വരിയിൽ ഒതുക്കിയ ശ്രീ പാറക്കടവ് സമർത്ഥമായ നമ്മുടെ ഗതകാല മഹിമയെ എത്രമേൽ തൊട്ടറിഞ്ഞിട്ടുണ്ടാവും. വൈദേശിക ആധിപത്യങ്ങൾ മുതൽ കച്ചവട സമ്പന്നമായ ചാലിയവും പന്തലായനിയും തുടങ്ങി ബ്രിട്ടീഷുകാരന്റെ തീൻമേശയിൽ വരെ നമ്മുടെ മ്യൂല്യവത്തായ ധാന്യങ്ങളായിരുന്നു വെന്ന് ഇന്ന് ആർക്കറിയാം!.
കീടനാശിനികളും മാർക്കറ്റിങ് തന്ത്രവും വില ഇടിക്കുന്നത് മനുഷ്യ വളർച്ചയെയും ജനിത രൂപമാറ്റത്തെയുമാണ്. കാസർഗോഡിന്റെ കഥ പറയുന്ന 'എൻമകജെ' മാജിക്കൽ റിയലിസത്തിലേക്ക് വളരണമെങ്കിൽ ഇത്തരം ദുഷ്പ്രവണതകളുടെ അനന്തര സാധ്യതകളെ കുറിച്ച് നാം ബോധവന്മാരാവണം. "മല ഇടിഞ്ഞു നരപ്പാവുന്നതിനു മുമ്പും പുഴ വറ്റി തീരുന്നതിനു മുമ്പും മരണ മൊഴി മനുഷ്യനു കൊടുത്തിട്ടുണ്ട്. മനുഷ്യനെന്തിന് " ഇവിടെ ആന്തരീകമായി അതിന്റെ അനന്തരങ്ങളെ മനുഷ്യൻ മനസ്സിലാക്കുന്നുവെങ്കിലും ബാഹ്യ തലത്തിൽ അതിനെ പ്രകടിപ്പിക്കാനോ കരവലയം തീർക്കാനോ സജ്ജമാവാത്ത ഈ പേക്കോലങ്ങൾ അഥവാ മനുഷ്യനെന്തിനന്ന് ശ്രീപാറക്കടവ് ആശ്ചര്യപ്പെടുന്നു.
ശരിയാണ്, ഇതൊക്കെ മറ്റാരങ്കിലും ചെയ്തു കൊള്ളുവെന്ന വ്യവസ്ഥക്കോ തോന്നലിനു പുറത്തുമാകാം. അനഭിമതരുടെ സഹായ ഹസ്തങ്ങളെ സ്വജീവിതത്തിനു വേണ്ടി യാജിക്കുന്നത് എത്രമേൽ നീജതയാണ്. ഇത്തരം സങ്കൽപ്പ ലോകങ്ങളെ ചിത്രീകരിക്കുന്ന 'തോന്നൽ' എന്ന മിനിക്കഥ "മഴയിൽ കുളിച്ച് കാറ്റു കൊണ്ട് തോർത്തി മിന്നൽ കൊണ്ട് മുഖം മിനുക്കി ഇടിയുടെ അകമ്പടിയോടെ നടന്ന് മുൻവാതിൽ പുറത്ത് വാ പിളർന്ന് വേനൽ" തുടക്കം കുറിച്ചത് കാടു വെളുപ്പിച്ചും വയലുകൾ നിരത്തിയും ആനിമേറ്റഡ് ലോകങ്ങളെ വരവേറ്റലിൽ നിന്നുമാണ്.
സമസ്ത മേഘലയെയും ചൊൽപ്പടിയിൽ നിറുത്താനും ഓട്ടോ മറ്റിക്കൽ പ്രൊസസിങ്ങിന് കുട ചൂടാനും മനുഷ്യർ നീക്കിവെക്കുന്ന സമയത്തിന്റെ പാതി പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാക്കാവാൻ ശ്രമിച്ചാൽ തിരിച്ചറിവുള്ള ഒരു ജനതയെ കെട്ടിപടുക്കാൻ നമുക്ക് സാധ്യമാകും. എന്നാൽ നിയമ പാലകർ തന്നെ സാമൂഹ്യ ഘടനയെ പരിക്കേൽപ്പിക്കുന്ന ദൈനംദിന സംഭവങ്ങൾ വലിച്ചു കീറുന്നത് പ്രിവില്ലേജുകളിലർപ്പിച്ച ദുർബലരുടെ വിശ്വാസത്തെയാണ്. അധസ്ഥിത കീഴാള വിഭാഗക്കാരുടെ ശബ്ദത്തെ തന്റെ മിനിക്കഥകളിൽ രേഖപ്പെടുത്താനും പാറക്കടവിന് സാധിച്ചിട്ടുണ്ട്. "നേതാവ്
ഭൂമി ഒന്നായി കയ്യേറി ഒടുവിൽ പരലോകത്തെത്തിയപ്പോൾ ആകാശം ചുരുട്ടിക്കൂട്ടി കക്ഷത്തിൽ വെച്ച് ദൈവത്തോട് ചോദിച്ചു:
" ഇനി ഞാൻ എങ്ങോട്ട് പോകും?" ഭൂമിയുടെ യഥാർത്ഥ അവകാശികളെ ഊരു വിലക്ക് ഏർപ്പെടുത്തുന്ന ഭരണകൂട വെറിയും കോർപ്പറേറ്റ് മുതലാളിമാരും പ്രകൃതിയുടെ കാര്യത്തിൽ പുനർ വിചിന്തനം നടത്തേണ്ടിരിക്കുന്നു. പ്രകൃതിയുടെ വരദാനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പൗരരിൽ അലിഖിതമാണ് എങ്കിലും തളർന്ന ഒരു ജനതയെ മുൻനിർത്തി മാതൃകാ പാലരായി ചമയാൻ പ്രകൃതിയെ വീണ്ടും വൃണപ്പെടുത്തുന്ന നിയമങ്ങൾക്ക് പച്ചക്കൊടി കാട്ടുന്നവരെ സമൂഹത്തിൽ നിന്നു നാം വേരോടെ പിഴുതെറിയേണ്ടിയിരിക്കുന്നു.
നിരന്തരം കലഹിക്കുന്ന ചുറ്റുപാടുകൾക്കെതിരെ ശബ്ദിക്കുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ. "മഴത്തുള്ളികൾ പിടിച്ച് ആകാശത്തേക്ക് കയറിപ്പോവുകയും ദൈവത്തോട് സംസാരിക്കുകയും ചെയ്യുന്ന ഒരു കുട്ടിയെ മരിക്കാതെ നിർത്തുമ്പോൾ ഒരാൾ എഴുത്തുകാരനാകുന്നു." ജീവിതം ആസ്വദിച്ചവർക്കേ ജീവിതാനുഭവങ്ങൾ ലഭിക്കൂ. മണ്ണും വിണ്ണും ഒരു പോലെ പുൽകാൻ കഴിയണം. അതിന്റെ അനുഭൂതിയും വശ്യതയും വർണ്ണനകൾക്കപ്പുറമാണ്. പല എഴുത്തുകളും നിറം മങ്ങിയതും ഇത്തരമൊരു ഇണങ്ങി ച്ചേരലില്ലായ്മയിൽ നിന്നാണ്.
അമ്മയോളം പ്രകൃതിക്കു വർണനകൾ ഉണ്ട്. പച്ചില പടർപ്പുകളിൽ പരിലസിക്കുന്ന മരതക സൗന്ദര്യത്തിന്റെ ചാരുതയാണ് ഒരോ ഇളം തെന്നലും. എല്ലാം ബോദ്ധിച്ചാലും അഹന്ത നടിക്കുന്ന സാമൂഹിക ഘടനയിൽ നിന്നു മാറി പുത്തനുണർന്റെ പുതുനാമ്പുകൾ സൃഷ്ടിക്കാൻ നമുക്ക് കഴിയണം.അപകടത്തെ മാടി വിളിക്കുന്ന മനുഷ്യ പ്രവണതകളിൽ നിന്ന് ഉദ്ബോദിപ്പിക്കുന്ന ജീവ വായുവായി ഈ മിനി ക്കഥകളെ നമുക്ക് വേർത്തിരിക്കാൻ സാധിക്കും. അത്രത്തോളം ആശയങ്ങളും ഉദ്ബോധനവും പരിണിത ഫലങ്ങളെയും ഉണർത്തി തരുന്ന മറ്റൊരു മിനിക്കഥ നമുക്ക് കാണാൻ സാധിക്കില്ല.
മനുഷ്യ വാസനകളെ
തിരിച്ചറിയാൻ സാധ്യമായ വേരുകളാണ് കൃത്രിമ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളിയെങ്കിലും ജന്മനാ സ്വായത്തമാക്കിയ പ്രകൃതിയോടുള്ള സമീപനങ്ങൾ മിനി ക്കഥയിലെന്ന പോലെ ജീവിതത്തിലും നമുക്ക് നവോന്മേഷം തരുന്നതും പങ്കിടുന്നവയുമാണ്. ഇത്തരം സാമൂഹിക ബോധ്യങ്ങളും മാനുഷിക നൈതികതയും തൊട്ടുണർത്തുന്ന മികച്ച ആഖ്യാനങ്ങളാണ് നമുക്ക് ആവിശ്യം . അത്തരത്തിലുള്ള ചുവരെഴുത്തുകൾക്ക് ഇനിയും ചിറകു വെക്കാൻ അത്യന്താപേക്ഷിതമായ ജീവവായു തന്നെയാണ് പ്രകൃതിയും അവയോടുള്ള മനുഷ്യ സമീപനവും.
ഉവൈസ് നടുവട്ടം
COMMENTS