ഇസ്ലാമിക ഭരണകൂട ചരിത്രത്തില്‍ ഒട്ടനവധി ഭരണകൂടങ്ങളുടെ അധികാര കൈമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അനര്‍ഘമായ സംഭാവനകള്‍ കൊണ്ടും രാഷ്ട്രീയ(സൈനിക) മുന്നേറ്റങ്ങള്‍ കൊണ്ടും ദീര്‍ഘകാലത്തെ നിലനില്‍പ്പു കൊണ്ടും വിശ്രുതമായ ഭരണകൂടമാണ് ഉസ്മാനിയ്യ ഖിലാഫത്ത് . ചരിത്രത്തില്‍ ' ദൗലത്തുല്‍ ഉസ്മാനിയ്യ ' സല്‍ത്വനത്തുല്‍ ഉസ്മാനിയ്യ ' 'ഒട്ടോമന്‍ എംബയര്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ഭരണകൂടം ഇസ്ലാമിക ഖിലാഫത്തുകളുടെ അന്തിമ കണ്ണിയെ നിലയിലും ശ്രദ്ധേയമാണ്.
ക്രി.1288ല്‍ തുര്‍ക്കിയിലാണ് ഒരു സാമ്രാജ്യമെന്ന നിലയില്‍ ഉസ്മാനീ ഖിലാഫത്ത് നിലവില്‍ വരുന്നത്. അമവീ സൈന്യാധിപന്‍ ഖുതൈബ ബ്നു മുസ്ലിമിന്റെ സൈനിക നീക്കത്തിലൂടെയാണ് തുര്‍ക്കികള്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നത്. ഉസ്മാനുബ്നു ഉര്‍തുഗുറിലേക്ക് ചേര്‍ത്താണ് ഉസ്മാനികളെന്നും ഒട്ടോമന്‍ തുര്‍ക്കികളെന്നും പറയുന്നത്. ഈ സാമ്രാജ്യം ഉടലെടുക്കുന്ന ചരിത്ര പാശ്ചാത്തലം തന്നെ ഏറെകൗതുകകരമാണ്. ഉസ്മാനികളുടെ പിതാമഹനായി അറിയപ്പെടുന്ന സുലൈമാന്‍ഷാ (ഗോത്രസമേതം പലായനം ചെയ്യുന്നതിനിടയില്‍ ) യൂഫ്രട്ടീസ് നദി മുറിച്ച് കടക്കുമ്പോള്‍ മുങ്ങി മരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ ' ഉര്‍തുഗുറുല്‍ ' സല്‍ജൂഖി ഭരണാധികാരി അലാഉദ്ദീനെ ഖവാറസ്മികള്‍ക്കെതിരെ യുദ്ധത്തില്‍ സഹായിച്ചു. ഇതിന്റെ പ്രത്യുപകാരമായി അലാഉദ്ധീന്‍ ചില പ്രദേശങ്ങളുടെ സ്വതന്ത്ര്യ ഭരണം ഉര്‍ത്തുഗുറുലിന് നല്‍കി. തദ്വാരാ, സല്‍ജൂഖി ഭരണാധികാരിയില്‍ നിന്ന് ജാഗിറായി ലഭിച്ച ഏഷ്യാമൈനറിലെ ബൈസാന്റിയന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന 'സോഗോത്ത്' മേഖലയുടെ ഭരണാധികാരിയായി ഉര്‍ത്തുഗുറുല്‍ മാറി. ക്രി 1281 ല്‍ ഉര്‍തുഗുറുല്‍ അന്തരിച്ചതോടെ പുത്രന്‍ ഉസ്മാന്‍ ഖാന്‍ (12881326) പിന്‍ഗാമിയായി. ക്രി 1300 ല്‍ മംഗോളുകള്‍ സല്‍ജൂഖി ഭരണത്തിന് അന്ത്യം കുറിക്കുകയും സുല്‍ത്താന്‍ അലാഉദ്ധീന്‍ കൊല്ലപ്പെടുകയും ചെയ്തതോടെ ഉസ്മാന്‍ ഖാന്‍ ഏഷ്യ മൈനറിന്റെ വടക്കുപടിഞ്ഞാറെ കോണില്‍ ഒരു സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിന്റെ ഭീതി ( Terror of europe ) എന്ന അപരാഭിധാനത്തില്‍ 6 നൂറ്റാണ്ടിലധികം ലോക ഭൂപടത്തില്‍ നിറഞ്ഞു നിന്ന ഓട്ടോമന്‍ സാമ്രാജ്യത്തിലെ ആരംഭമായിരുന്നു ഇത്.
അധിനിവേശ ചരിത്രം
ഇസ്ലാമിക ചരിത്രത്തില്‍ ഏറെ ആവേശത്തോടെ വായിക്കാനാവുന്ന അധ്യായമാണ് ഉസ്മാനി ഖിലാഫത്ത്. അറുന്നൂറിലേറെ വര്‍ഷം നീണ്ടുനില്‍ക്കുകയും 37ഓളം സുല്‍ത്താന്മാര്‍ ഭരണത്തില്‍ വരുകയും ചെയ്തിട്ടുണ്ടെങ്കിലും എല്ലാ ഭരണകൂട പ്രയാണചരിത്രങ്ങളിലും ദര്‍ശിക്കുന്ന ഉത്ഥാന പതനങ്ങളും ഉച്ചനീചത്വങ്ങളും ഉസ്മാനീ ചരിത്രത്തിലും സംഭവിച്ചിട്ടുണ്ട്. ഖിലാഫത്ത് സ്ഥാപിതമായ 1300 മുതല്‍ 1566 വരെയുള്ള കാലഘട്ടമാണ് ഉസ്മാനി ചരിത്രത്തിലെ രാഷ്ട്രീയ സാമ്പത്തിക വളര്‍ച്ചയുടെയും പുരോയാനത്തിന്റെയും കാലഘട്ടം.
രണ്ടര നൂറ്റാണ്ടു കാലം നീണ്ടുനില്‍ക്കുന്ന സൈനികവും രാഷ്ടീയവുമായ വികാസത്തിന്റെ ഘട്ടത്തില്‍ യൂറോപ്യന്‍ നാടുകള്‍ ഉസ്മാനി പടയോട്ടങ്ങളുടെ അനുസ്യൂത പ്രവാഹത്തിനായിരുന്നു സാക്ഷ്യം വഹിച്ചത് .സുല്‍ത്താന്‍ ഉസ്മാന്‍ ഖാന്റെ മകന്‍ ആര്‍ഖാന്റെ ഭരണക്കാലത്താണ് ഉസ്മാനികള്‍ ആദ്യമായി യൂറോപ്പില്‍ കാലു കുത്തുന്നത്. ഖലീഫ ഉസ്മാന്‍ അന്തരിച്ച 1326 ല്‍ ' ബറൂസ ' പട്ടണം' ആര്‍ഖാന്‍ ' കീഴടക്കിയതോടെ യൂറോപ്പിലേക്കുള്ള ഉസ്മാനികളുടെ പ്രവേശനം യാഥാര്‍ത്ഥ്യമായി. 1366 വരെ ബറൂസയായിരുു സാമ്രാജ്യത്തിന്റെ തലസ്ഥാനം. ആര്‍ഖാന്റെ കാലത്ത് ' ഏഷ്യ മൈനറില്‍ (അനാത്തോലിയ) അങ്കാറ പട്ടണം മുതല്‍ ബാള്‍ക്കന്‍ പ്രദേശങ്ങള്‍ വരെ സാമ്രാജ്യം വിസ്തൃതി പ്രാപിക്കുകയുണ്ടായി.
ഉസ്മാനി മൂന്നാം ഖലീഫ മുറാദ് ഒന്നാമന്റെ ഭരണ കാലത്ത് (1359 1389 ) അങ്കാറ പട്ടണവും 'അദര്‍ന' പട്ടണവും ഉസ്മാനികള്‍ക്ക് കീഴടങ്ങി. കോണ്‍ സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നത് വരെ യൂറോപ്പിലെ സൈനിക നീക്കങ്ങളുടെ കേന്ദ്ര ബിന്ദുവെന്ന നിലയില്‍ 'അദര്‍ന' പട്ടണമായിരുന്നു സാമ്രാജ്യത്തിന്റെ തലസ്ഥാനം.
സുല്‍ത്വാന്‍ ബായസീദി ( 1389 - 1402 ) ന്റെ ഭരണക്കാലത്ത് ഉസ്മാനി സാമ്രാജ്യം അഭൂതപൂര്‍വ്വമായ വിസ്തൃതി പ്രാപിക്കുകയുണ്ടായി. ബൈസന്റിയക്കാരുടെ ഏഷ്യാ മൈനറിലെ അവസാന ഭരണ പ്രദേശങ്ങളില്‍ പെട്ട 'അശ്ഹര്‍ ' പട്ടണവും ബല്‍ഗേറിയയും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. 1402 ല്‍ മംഗോളിയന്‍ ഭരണാധികാരി തിമൂറുമായി നടന്ന യുദ്ധത്തില്‍ സാമ്രാജ്യത്തിന്റെ സിംഹഭാഗങ്ങളും നഷ്ടമാ യെങ്കിലും ബായസീദിന്റെ പുത്രന്‍ മുഹമ്മദ് ഒന്നാമന്റെ കാലത്ത് അതില്‍ മിക്കതും തിരിച്ചു പിടിച്ചു.
ഉസ്മാനീ ഏഴാം ഭരണാധികാരി മുഹമ്മദ് ഫാതിഹി (1451 1481 ) ന്റെ കാലത്താണ് ബൈസാന്റിയന്‍ തലസ്ഥാനമായ കോസ്റ്റാന്റിനോപ്പിള്‍ മുസ്ലികള്‍ക്ക് കീഴടങ്ങുന്ന ത്. സുല്‍ത്വാന്‍ ബായസീദിന്റെ കാലംമുതല്‍ക്കേ കീഴടക്കല്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും, ദൗത്യം പൂര്‍ത്തികരിക്കാനായത് മുഹമ്മദ് രണ്ടാമനായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിനു പുറമേ സെര്‍ബിയ, ബോസ്‌നിയ, ഗ്രീസ് തുടങ്ങിയ സാമന്ത രാജ്യങ്ങളെ ഖിലാഫത്തിന്റെ നേരിട്ടുള്ള ഭരണത്തില്‍ കൊണ്ടുവരാനും ക്രീമിയ, തറാബസോം, വലാച്ചിയ, അല്‍ബേനിയ, സനൂപ് തുടങ്ങിയ പുതിയ രാജ്യങ്ങള്‍ കീഴടക്കാനും അദ്ദേഹത്തിന് സാധിച്ചു.
മുഹമ്മദ് ഫാതിഹി നുശേഷം ഭരണത്തിലേറിയ സലീം ഒന്നാമന്‍(1512-1520) ഉസ്മാനി പടയോട്ടത്തിനു മുഖം കിഴക്കോട്ട് തി രിക്കുകയുണ്ടായി. അതുവരെയും ഉസ്മാനികളുടെ പടയോട്ടം കൂടുതലും യൂറോപ്പിന്റെ നേര്‍ക്കായിരുന്നു . തദ്വാരാ, പൗരസ്ത്യ ദേശത്ത് ഉസ്മാനീ സ്വല്‍ത്വനത്തിന് ഭീഷണിയായി നിലനിനിന്നിരുന്ന ഇറാനിലെ സഫവീ ഭരണകൂടത്തിനും ഈജിപ്തിലെ മംലൂക്കികള്‍ക്കെതിരെയും സൈനിക നീക്കങ്ങള്‍ നടത്തി ഇറാനീ തലസ്ഥാനമായ തബ് രീസും(1514) സിറിയയും ഫലസ്ഥീനും (1517) കൈറോയും അദ്ദേഹം കീഴടക്കി . കൈറോ ഉസ്മാനികള്‍ക്ക് കീഴടങ്ങിയതോടെ അബ്ബാസി ഖലീഫയായ മുതവക്കില്‍ ആറാമന്‍ സലീംഖാന് ഖിലാഫതിന്റെ സൂക്ഷിപ്പു അടയാളങ്ങളില്‍ പെട്ട നബിയുടെ കൊടി കൈമാറുകയും, ഹിജാസിലെ അമീര്‍ മക്കയുടെയും മദീനയുടെയും താക്കോലുകള്‍ അയച്ച് ഖലീഫയുടെ മേല്‍ക്കോയ്മ അംഗീകരിക്കുകയുമുണ്ടായി .
ഉസ്മാനി പത്താം ഖലീഫ സുല്‍ത്വാന്‍ സുലൈമാന്‍ ഖാനൂനി (1520-1566) യുടെ ഭരണകാലത്താണ് ഉസ്മാനീ സ്വല്‍ത്വനത്ത് പുരോഗതിയുടെ ഉത്തുംഗത പ്രാപിച്ചത്. പൂര്‍വ്വ പാരമ്പര്യം പിന്തുടര്‍ന്ന് യൂറോപ്പിന് നേരെ പടയോട്ടം തിരിച്ച അദ്ദേഹം പശ്ചാത്യന്‍ നാടുകളിലെ അനവധി പ്രദേശങ്ങള്‍ പിടിച്ചടക്കി . മുഹമ്മദ് ഫാത്തിഹിന് അധീനപ്പെടുത്താന്‍ സാധിക്കാത്ത ബല്‍ഗ്രേഡ് പട്ടണവും റോഡസ് ദ്വീപും ഹങ്കേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റും (15211522) അദ്ദേഹം കീഴടക്കി. തുടര്‍ന്ന് ബാഗ്ദാദ്, അസര്‍ബൈജാന്‍, അര്‍മീനിയ, യമന്‍, അള്‍ജീരിയ, ടുണീഷ്യ, തുടങ്ങിയ തന്ത്രപ്രധാന പ്രദേശങ്ങളും അദ്ദേഹം ഉസ്മാനി സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. സുലൈമാന്‍ ഖാനൂനിയുടെ കാലത്ത് തുര്‍ക്കികള്‍ നാവിക രംഗത്ത് പുരോഗതിയുടെ പാരമ്യത്തിലെത്തിയിരുന്നു.
സുലൈമാന്‍ ഖാനൂനി വരെയുള്ള രണ്ടരനൂറ്റാണ്ട് കാലയളവിനുള്ളില്‍ ബോസ്ഫറസ് കടലിടുക്കിന്റെ ഇരു ഭാഗങ്ങളിലുമായി ഏഷ്യന്‍- യൂറോപ്യന്‍ ഭൂഖണ്ഡങ്ങളിലേക്ക് ഉസ്മാനി സാമ്രാജ്യം വ്യാപിക്കുകയുണ്ടായി. 16ാം നൂറ്റാണ്ടില്‍ മൊറോക്കോ ഒഴിച്ചുള്ള മുഴുവന്‍ ആഫ്രോസ്റ്റേറ്റുകളും ഉസ്മാനി ഖിലാഫത്തിന്റെ കീഴില്‍ വന്നിരുന്നു.
തളര്‍ച്ചയും ഉയിര്‍ത്തെഴുല്‍പ്പും
സുലൈമാനുല്‍ ഖാനൂനിക്ക് ശേഷം ഖിലാഫത്ത് ക്ഷയിക്കാന്‍ തുടങ്ങി . അദ്ദേഹത്തിന് ശേഷം എഴുപത് വര്‍ഷകാലത്തോളം യോഗ്യരായ ഭരണാധികാരികള്‍ ഉണ്ടായിരുന്നില്ല. ഇക്കാലത്ത് പ്രധാന മന്ത്രിമാരായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. യൂറോപ്യര്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറിയതിനാല്‍ ഉസ്മാനികള്‍ക്ക് പഴയ സൈനിക മേധാവിത്വം ഇക്കാലത്ത് നഷ്ടപ്പെട്ടിരുന്നു. തന്മൂലം പല യുദ്ധങ്ങളിലും ഉസ്മാനിക ള്‍ പരാജയം രുചിക്കുകയും ഹംഗറി, ബള്‍ഗേറിയ രാജ്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. 1669 ലെ 'കാര്‍ലോഡ്‌സ് 'ഉടമ്പടിയോടെ ഉസ്മാനികളുടെ യൂറോപ്പിലേക്കുള്ള മുന്നേറ്റം നിലച്ചു.
ഖിലാഫത്തിനെ അടിമുടി പരാജയങ്ങള്‍ ഗ്രസിച്ച ഇക്കാലത്ത് ഉസ്മാനി സൈനിക സംവിധാനത്തിന്റെ ബലഹീനത തിരിച്ചറിയുകയും പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്ത ഭരണാധികാരിയാണ് മഹ്മൂദ് ഒന്നാമന്‍.(17301754) യൂറോപ്പിലെ അപേക്ഷിച്ച് തങ്ങളുടെ ആയുധങ്ങള്‍ പഴഞ്ചനാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഫ്രാന്‍സിലെ യുദ്ധ വിദഗ്ധരെ വിളിച്ചുവരുത്തി തങ്ങളുടെ സൈനിക വ്യവസ്ഥ മെച്ചപ്പെടുത്തുകയും തദ്വാരാ, മുമ്പ് തങ്ങള്‍ക്ക് നഷ്ടപ്പെട്ട ബോസ്‌നിയ, ബല്‍ഗ്രേഡ്, സെര്‍ബിയ തുടങ്ങിയ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഉസ്മാനികള്‍ തളര്‍ച്ച നേരിടുകയും 1774 ന് ശേഷം ത കീഴടക്കിയ പ്രദേശങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടാന്‍ തുടങ്ങുകയും ചെയ്തു.
തകര്‍ച്ച
1774 കള്‍ക്കു ശേഷം തുര്‍ക്കിയുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങിയതോടെ റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ഗ്രീസ് തുടങ്ങിയ ശക്തികള്‍ ഖിലാഫത്തിനെ നിരന്തരം ആക്രമിക്കാന്‍തുടങ്ങി. ഉസ്മാനികളുടെ ശക്തി നശിപ്പിക്കാന്‍ യൂറോപ്യന്‍ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും കുല്‍സിത നീക്കങ്ങള്‍ നടത്തി കൊണ്ടിരുന്നു. റഷ്യന്‍ ചക്രവര്‍ത്തി സാര്‍ തുര്‍ക്കിയെ 'യൂറോപ്പിലെ രോഗി 'എന്ന് വിശേഷിപ്പിച്ച് ബ്രിട്ടണും റഷ്യക്കുമിടയില്‍ ഖിലാഫത്തിനെ വിഭജിക്കാനുള്ള നിര്‍ദ്ദേശം പോലും മുന്നോട്ടു വെച്ചിരുന്നു. നേരിട്ടുള്ള ആക്രമണങ്ങള്‍ക്കു പുറമേ ഖിലാഫത്തിനു കീഴില്‍ ജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ദേശീയവാദം വളര്‍ത്തിയും ഖിലാഫത്തിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി. യൂറോപ്യന്‍ ഭാഗങ്ങളില്‍ താമസിച്ചിരുന്ന ക്രൈസ്തവരെ നിരന്തരം കലാപത്തിന് പ്രേരിപ്പിച്ചു കൊണ്ടിരുന്ന റഷ്യ റൊമാനിയ, ബള്‍ഗേറിയ, യൂഗോസ്ലാവിയ എന്നിവിടങ്ങളിലെ സലാഫി വംശജരായ ക്രൈസ്തവര്‍ക്ക് വേണ്ടി സലാഫി സൊസൈറ്റി എന്ന സംഘടന രൂപീകരിക്കുകയും ഖിലാഫത്തിന് കീഴിലുള്ള ക്രൈസ്തവരുടെ സംരക്ഷണം എന്ന വ്യാജേനെ ഉസ്മാനിസല്‍ത്വനത്തില്‍ ഇടപെടാന്‍ തുടങ്ങി.
ഖിലാഫത്തിനു കീഴിലുള്ള യൂറോപ്പ്യന്‍ പ്രദേശങ്ങള്‍ക്ക് സ്വയംഭരണം നല്‍കാനും പശ്ചാത്യ ശക്തികള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു .തദ്വാരാ, 1827ല്‍ ഗ്രീസും 1878ല്‍ ( ബര്‍ലിന്‍ സന്ധിയനുസരിച്ച്) ബള്‍ഗേറിയ , സെര്‍ബിയ, റൊമാനിയ, മോണ്ടിനീഗ്രോ എന്നീ പ്രദേശങ്ങളും സ്വതന്ത്രമായി. നേരിട്ടുള്ള യുദ്ധത്തിലൂടെയും അനവധി പ്രദേശങ്ങള്‍ ശത്രുക്കള്‍ കയ്യടക്കി. 1881ല്‍ ഫ്രാന്‍സ് അള്‍ജീരിയയും തുനീഷ്യയും ബ്രിട്ടണ്‍ ഈജിപ്തും (1882 )ഇറ്റലി ട്രിപ്പോളിയും (1911) കീഴടക്കി.
തുര്‍ക്കി ഖിലാഫത്തില്‍ നിന്നുള്ള അറബ് രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി രൂപപ്പെട്ട അറബ് ദേശീയ വാദവും ഖിലാഫത്തിന്റെ തകര്‍ച്ചക്ക് പ്രധാന ഹേതുവായി. സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഹിജാസ് മുതല്‍ മദീന വരെ നിര്‍മ്മിച്ച 1303 കിലോമീറ്റര്‍ നീളമുള്ള റെയില്‍പാത അറബ് ദേശീയവാദികള്‍ ബോംബിട്ട് തകര്‍ത്തത് ഇതിനുപോല്‍ബലകമാണ്.
1914 ല്‍ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യസേന ക്കെതിരെ ജര്‍മ്മനി ആസ്ത്രിയ, ഹംഗറി രാജ്യങ്ങള്‍ക്കൊപ്പം തുര്‍ക്കി അണിനിരന്നത് ബ്രിട്ടന്‍ അടക്കമുള്ള സാമ്രാജ്യത്വ ശക്തികളെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അറബ് രാജ്യങ്ങള്‍ തുര്‍ക്കിയുടെ വരുതിയില്‍ വരുന്നത് തങ്ങളുടെ അധിനിവേശ താല്പര്യങ്ങള്‍ക്ക് വി ഘാതമാണെന്ന് തിരിച്ചറിഞ്ഞ അവര്‍( ഖിലാഫത് മോഹിയായ) ഹിജാസ് ഗവര്‍ണര്‍ശരീഫ് ഹുസൈനെ തുര്‍ക്കിക്കെതി രെ തിരിക്കുന്നതില്‍ വിജയിച്ചു. പലസ്തീന്‍ പിടിച്ചടക്കാന്‍ ബ്രിട്ടന്‍ പടയൊരുക്കം നടത്തുമ്പോള്‍ തങ്ങളുടെ പക്ഷത്തു ഉറച്ചുനില്‍ക്കാന്‍ തുര്‍ക്കി അറബ് രാജ്യങ്ങളോട് കെഞ്ചിയെങ്കിലും ബ്രിട്ടനിലെ വാഗ്ദാനത്തില്‍ വഞ്ചിതരായ (ശരീഫ്ഹുസൈന്റെ നേതൃത്വത്തിലുള്ള) അറബ് രാജ്യങ്ങള്‍ ബ്രിട്ടനെ സഹായിക്കുകയായിരുന്നു.
1889ല്‍ അഞ്ചുമന്‍ ഇത്തിഹാദ് വതറഖി എന്ന സംഘടന രൂപീകരിച്ച് സ്വാതന്ത്ര്യം ജനാധിപത്യം ദേശീയത എന്നിവയുടെ പ്രയോഗ വല്‍ക്കരണത്തിന് യുവതുര്‍ക്കികള്‍ രംഗത്തെത്തിയതും ഉസ്മാനികളുടെ പതനത്തിന്ന് ആക്കംകൂട്ടി. ബ്രിട്ടന്റെ സഹായത്തോടെ ജൂതന്മാരെ ഫലസ്തീനില്‍ കുടിയിരുത്തുന്നതിനെ എതിര്‍ത്ത സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനെതിരെ കലാപം നടത്തിയ യുവതുര്‍ക്കികള്‍ക്ക് സിയോണിസ്റ്റ്കളുടെയും ബ്രിട്ടന്റെയും നിര്‍ലോഭം സഹായം ലഭിച്ചു
തുര്‍ക്കികളുടെ പിതാവ് എന്നറിയപ്പെടുന്ന( അതാതുര്‍ക്ക്) മുസ്തഫ കമാല്‍ പാഷ ഈ സംഘടനയില്‍ ചേര്‍ന്നതോടെ ഇതൊരു മഹാ പ്രസ്ഥാനമായി മാറി. ഉസ്മാനികളുടെ സൈനിക തലവനായി കടന്നുവന്ന കമാല്‍ പാഷ 1920ല്‍ ഗ്രീക്കുകാര്‍ അനാത്തോലിയ ആക്രമിച്ചപ്പോള്‍ അവരെ പൊരുതി തോല്‍പ്പിച്ചതിലൂടെയാണ് പ്രശസ്തനായത്.
1922 സുല്‍ത്താന്‍ വഹീദുദ്ദീന്‍ നാടുകടത്തപ്പെട്ട് അവസാന ഉസ്മാനി ഖലീഫയും നിഷ്‌കാസിതനായതോടെ 1923 തുര്‍ക്കി റിപ്പബ്ലിക് ആയും കമാല്‍പാഷ അതിന്റെ ആദ്യ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. അധികാര ചെങ്കോല്‍ കയ്യില്‍ കിട്ടിയതോടെ കമാല്‍ പാഷയുടെ തനിനിറം പുറത്തുചാടി. രാഷ്ട്രത്തിന്റെ മതം ഇസ്ലാം എന്ന ഭരണഘടനയിലെ ഭാഗം ഒഴിവാക്കിയും ഇസ്ലാമിക ചിഹ്നങ്ങള്‍ തച്ചുടച്ചും തുര്‍ക്കിയെ പൂര്‍ണ്ണമായും പശ്ചാത്യ വല്‍ക്കരിക്കാന്‍ പാഷ മുന്നോട്ടുവന്നു. (ഗ്രീസിലെ പൂര്‍വ്വ ജൂത കുടുംബത്തില്‍ ജനിച്ച പാഷയ്ക്ക് സയണിസ്റ്റ് ബാന്ധവം ഉള്ള ഫ്രീ മാസോണ്‍ സംഘടനയില്‍ അംഗത്വം ഉണ്ടായിരുന്നു.) 1923 ഒക്ടോബര്‍ 29ന് ഖിലാഫത്ത് നിര്‍ത്തലാക്കി പ്രഖ്യാപിച്ച പാഷ ഖിലാഫത്തിനെ പിടിച്ചെഴുന്നേല്പിക്കുന്നതിനു പകരം പൂര്‍ണ്ണമായും കുഴിച്ചുമൂടുകയാണുണ്ടായത്.
സല്‍ത്വനത്തിന്റെ ഘടന
ഇസ്ലാമിക ചരിത്രത്തില്‍ ഉസ്മാനീ ഖിലാഫത്തിനെ പോലെ ഇത്രയും നീണ്ടകാലം ഭരണം നടത്തിയ ഒരു രാജ കുടുംബവും ഇല്ല. ഉസ്മാനീ സല്‍ത്വനത്തിന്റെ ഈ കെട്ടുറപ്പിനും ഭദ്രതക്കും നിരവധി കാരണങ്ങളുണ്ട്. ഒരു കാരണം ഈ ഭരണകൂടത്തിന് മറ്റു ഭരണകൂടങ്ങളെ അപേക്ഷിച്ച് നിയമത്തിന്റെ അസ്ഥിവാരം കൂടുതലുണ്ടായിരുന്നു എന്ന താണ്. രാഷ്ട്രീയവും ഭരണപരവും സൈനിക പരവുമായ കെട്ടുറപ്പാണ് പ്രധാന ഘടകം. സല്‍ത്വനത്തിന്റെ നാല് സ്തംഭങ്ങളായ 1)മന്ത്രിമാര്‍ 2)നീതിന്യായം രജിസ്ട്രാര്‍ 4) ധനമന്ത്രി, നാവികമേധാവി, യുദ്ധമന്ത്രി, ചീഫ്സെക്രട്ടറി, പ്രധാനമന്ത്രി എന്നിവയും ഭരണകൂടത്തെ ഭദ്രമായി നിലനിര്‍ത്തുതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. രാജാവും പ്രധാനമന്ത്രിയും കഴിഞ്ഞാല്‍ പിന്നെ ശൈഖുല്‍ ഇസ്ലാമിനായിരുന്നു സ്ഥാനം. ചക്രവര്‍ത്തിയെ ഉപദേശിക്കുന്നതിന് 'ബാബുല്‍ ആലി' എന്ന പേരില്‍ ഒരു സമിതിയുമുണ്ടായിരുന്നു . തുര്‍ക്കികളുടെ സ്വഭാവ വൈശിഷ്ട്യവും ഭരണകൂടത്തെ ഭദ്രമായി നിലനിര്‍ത്തുതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രത്തിനും ഭരണത്തിനും കെട്ടുറപ്പ് നല്‍കിയിരുന്ന എല്ലാഘടകങ്ങളും ഇല്ലാതായതോടെ ഉസ്മാനിയ്യ ഖിലാഫത്തിനെ തകര്‍ച്ച ഗ്രസിക്കാന്‍ തുടങ്ങി. സാമ്രാജ്യം വികസിക്കുകയും സൗകര്യങ്ങള്‍ അടിക്കടി വര്‍ദ്ധിക്കുകയും ചെയ്തതോടെ സുല്‍ത്വാന്‍മാരുടെ ആത്മാര്‍ത്ഥ കുറയാന്‍ തുടങ്ങി. ഭരണത്തിന്റെ സുപ്രധാന വകുപ്പുകള്‍ മന്ത്രിമാരെ ഏല്‍പ്പിച്ച് ചക്രവര്‍ത്തിമാര്‍ വിശ്രമിക്കാന്‍ തുടങ്ങി. സുല്‍ത്വാന് നിയമോപദേശങ്ങള്‍ നല്‍കാന്‍ രൂപികരിക്കപ്പെട്ട മജ്ലിസിന്റെ യോഗങ്ങള്‍ ആദ്യകാലങ്ങളിലെല്ലാം ചക്രവര്‍ത്തിനേരിട്ടാ യിരുന്നു നിയന്ത്രിച്ചിരുന്നത്. പിന്നീടത് പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലായി. സുലൈമാന്‍ ഖാനൂനിക്ക് ശേഷമുള്ളവര്‍ ഈ ചര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലെത്തി. ഈ ബന്ധവിച്ഛേദം ഖിലാഫത്തിന്റെ തകര്‍ച്ചയുടെ പ്രധാനകാരണമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു . സല്‍ത്വനത്തിന്റെ പ്രധാന ശക്തിസ്രോതസ്സായിരു സൈനികരുടെ അച്ചടക്കരാഹിത്യമായിരുന്നു സാമ്രാജ്വത്തെ കൂപ്പുകുത്തിച്ച മറ്റൊരു പ്രധാന ഘടകം. അച്ചടക്കരാഹിത്യം മൂത്ത് സൈന്യം സുല്‍ത്വാന്‍മാരെ ധിക്കരിക്കുകയും സ്ഥാനഭൃഷ്ടരാക്കുകയും ചിലരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്തു.ഖിലാഫത്തിന്റെ കീഴിലുള്ള പ്രദേശങ്ങള്‍ നഷ്ടപ്പെടുത്തിയ ശത്രുക്കളുമായുള്ള കരാറുകളും ഖിലാഫത്തിന്റെ പ്രയാണത്തിന് വിഘ്‌നം സൃഷ്ടിച്ചിട്ടുണ്ട്. ഭരണവിദഗ്ദരല്ലാത്ത ചക്രവര്‍ത്തിമാരുടെ കാലത്താണ് ശത്രുക്കള്‍ ഇങ്ങനെയുള്ള ഉടമ്പടികളുമായി രംഗത്തെത്തിയിരുന്നത്.ഭരണപരമായി, സല്‍ത്വനത്ത് നേരിട്ട് ഭരിക്കു പ്രദേശങ്ങള്‍, കപ്പം നല്‍കുന്ന പ്രദേശങ്ങള്‍ എന്നിങ്ങനെ ഉസ്മാനീ ഖിലാഫത്ത് രണ്ടായി വിഭജിക്കപ്പെടുന്നു . സാമന്തരാജ്യങ്ങള്‍ കേന്ദ്രഭരണകൂടത്തിന് കപ്പം നല്‍കിയിരുന്നു.
തുര്‍ക്കികളുടെ കരസൈന്യം ലോകത്തിലെ ഏറ്റവും ശക്തമായ കരസൈന്യങ്ങളിലൊന്നാ യിരുന്നു . വിവിധ ദളങ്ങളായാണ് അത് സംവിധാനിക്കപ്പെടുന്നത്. യനീചുരി, എന്ന കാലാള്‍ പടയായിരുന്നു ഏറ്റവും പ്രധാനം. സൈന്യത്തിന്റെ മറ്റു ദളങ്ങള്‍ കുതിരപ്പട, സന്ന ദ്ധസേന, കാവല്‍ സേന എിവയായിരുന്നു . തുര്‍ക്കിനാവികപ്പട അക്കാലത്തെ ഏറ്റവും ശക്തമായ കപ്പല്‍പടകളില്‍ ഒന്നായിരുന്നു . സല്‍ത്വനത്തിന്റെ സുവര്‍ണ്ണകാലത്ത് 300 കപ്പലുകളുണ്ടായിരുന്നു . കപ്പലിന്റെ വലിപ്പവും സവിശേഷതയുമനുസരിച്ച് ഓരോ പേരുകളില്‍ അവ വിളിക്കപ്പെടുന്നു . ഏറ്റവും വലിയകപ്പലായ 'ഖാലിയൂന്‍' എന്ന കപ്പലിന്റെ ഇരുപാര്‍ശ്വങ്ങള്‍ തോക്കുകള്‍ ഘടിപ്പിച്ചതും രണ്ടായിരം ഭടന്മാര്‍ക്ക് സഞ്ചരിക്കാന്‍ യോഗ്യമായതുമായിരുന്നു.
ഉപസംഹാരം
1924 തുർക്കി ഖിലാഫത്ത് നിർത്തലാക്കപ്പെട്ടതോടെ 625 വർഷം നീണ്ടുനിന്ന ഉസ്മാനി ഖിലാഫത്തിനും 13 നൂറ്റാണ്ടോളം നിലനിന്ന ഇസ്ലാമിക ഖിലാഫത്തിനുമാണ് അറുതി കുറിക്കപ്പെടുന്നത് . മുസ്ലിം ഐക്ക്യത്തിന്റെയും സംഘശക്തിയുടെയും ചാലകശക്തിയായി വർത്തിച്ച തന്ത്രപ്രധാനമായ ഒരു വ്യവസ്ഥിതി ലോകത്തുനിന്ന് നിഷ്കാസിതമായി എന്നതാണ് ഇതിന്റെ വേദനാജനകമായ പരിണിതഫലം. മുസ്ലീങ്ങളുടെ സംഘടിതശക്തി തല്ലിക്കെടുത്താൻ പശ്ചാത്യ ശക്തികൾ എക്കാലത്തും നീക്കം നടത്തിയതാണ്. മുസ്ലിം ലോകത്ത് ചിദ്രത സൃഷ്ടിച്ച വഹാബിസവും മാസോണിസവുമൊക്കെ പ്രസ്തുത പശ്ചാത്യ പദ്ധതികളുടെ ഉപോൽപ്പന്നങ്ങളാണ്. ഖിലാഫത്ത് അന്ത്യംകുറിച്ച മുസ്തഫ കമാൽ പാഷ (അത്താതുർക്ക്) സയണിസ്റ് ബന്ധമുള്ള ഫ്രീ മാസോൺ സംഘടനയിൽ അംഗമായിരുന്നു എന്നത് തന്നെ മതി വ്യക്തത അങ്കം ആയിരുന്നുവെന്നത് തന്നെ മതി ഉപര്യുയ്ക്ത പദ്ധതികളുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാൻ.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന സാമ്രാജ്യത്വ ശക്തികൾ തങ്ങളുടെ താൽപര്യത്തിനനുസരിച്ച് തുർക്കി ഖിലാഫത്തിനെ തലങ്ങും വിലങ്ങും വിഭജിച്ച് പുതിയ രാജ്യങ്ങളും കോളനികളും ഉണ്ടാക്കുകയും ജൂതന്മാരെ മുസ്ലീങ്ങളുടെ എതിർപ്പ് മറികടന്ന് ഫലസ്തീനിൽ കുടിയിരുത്തുകയും ചെയ്തു. ഫലസ്തീനും സിറിയയുമടക്കം മുസ്ലീങ്ങൾ ആഗോളതലത്തിൽ സ്വത്വ പ്രതിസന്ധി നേരിടുമ്പോൾ ഭിന്നതകളും അനൈക്ക്യങ്ങളും മാറ്റി വെച്ചുള്ള വിശാലമായ മുസ്ലിം ഐക്യമാണ് ഇനി ആവശ്യം
ഫാഇസ് എളേറ്റില്‍
COMMENTS