അഹ്ലുസുന്നയുടെ ശക്തനായ വക്താവായി അറിയപ്പെടുന്ന ഇദ്ദേഹം, തുർക്കിയിലെ ജൂലൈക്കയിലാണ് ജനിച്ചത്. തുടർന്ന് പിതാവിനോടൊപ്പം ദമസ്കസിലേക്ക് പലായനം ചെയ്തു. സൂഫി ശൈഖായ പിതാവിന്റെ സ്വാധീനത്തിലാണ് വളർന്നത്. ഏഴാമത്തെ വയസ്സിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ ശേഷം ദമസ്കസിലെ മതവിദ്യാലയങ്ങളിൽ നിന്ന് മത പഠനം നടത്തി. പിന്നീട് ഉപരിപഠനങ്ങൾക്കായി ഈജിപ്തിലെ അൽ അസ്ഹറിലേക്ക് പോവുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു
ബൂത്വിയൻ ചിന്തകൾ സൃഷ്ടിച്ച ജ്ഞാനപ്രസരണം
മത മീമംസ, സാഹിത്യം, തത്ത്വചിന്ത, സാമൂഹ്യശാസ്ത്രം, സാംസ്കാരികപഠനങ്ങൾ എന്നീ വിഷയങ്ങളിലായി ബൂത്വി ഏകദേശം അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
കർമ്മശാസ്ത്രമായിരുന്നു ബൂത്വിയുടെ ഏറ്റവും ഇഷ്ടപ്പെട്ട പഠനശാഖ. "നിദാനശാസ്ത്രത്തെ പരിഷ്കരിക്കുന്നതിലെ പ്രശ്നങ്ങൾ' എന്ന കൃതി ഇസ്ലാമിക ഫിഖ്ഹിനെ കാലത്തിനനുസരിച്ച് പുനർവ്യാഖ്യാനിക്കണമെന്ന് വാദിക്കുന്നവർക്കെതിരെയുള്ള ഖണ്ഡനമാണ്. പരമ്പരാഗതമായി മുസ്ലിംകൾ പിന്തുടരുന്ന മദ്ഹബുകളുടെ ഇമാമുമാരുടെയും മദ്ഹബുകളെ വ്യാഖ്യാനിച്ച പണ്ഡിത•ാരുടെയും കണ്ടെത്തലുകൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് പുതുതായി ഉയർന്നു വരുന്ന പ്രശ്നങ്ങളുടെ മതവിധി തേടുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ കർമ്മശാസ്ത്രത്തിന് പുതിയ ഉപാധികളും മാനകങ്ങളും വച്ച് നവംനവങ്ങളായ പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്താവുന്നതാണ് എന്ന തിയറി ബൂത്വി നിശിതമായി വിമർശിക്കുന്നു. പരിഷ്കരണം മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്നുള്ള അകലലാണ്. കർമ്മ ശാസ്ത്രത്തിന് സമകാലിക വായനയും (ഖിറാഅൽ മുആസിറ) പുതുവായനയും (ഖിറാഅൽ ജദീദ) വേണമെന്ന് വാദിക്കുന്നവർ മതത്തെ ആധുനികവത്കരിക്കാൻ തിടുക്കം കൂട്ടുന്നവരാണ്.
"ലാ മദ്ഹബിയ്യ' എന്ന ഗ്രന്ഥത്തിൽ പരമ്പരാഗത പണ്ഡിത•ാരെ നിരാകരിക്കുന്ന സലഫിനിലപാടുകളെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. മദ്ഹബുകളുടെ പ്രാമാണികതയെ എതിർക്കുകയും ഇജ്തിഹാദ് നവയുഗത്തിലും സാധ്യമാണെന്ന് വാദിക്കുകയും ചെയ്യുന്ന സലഫി പ്രസ്ഥാനത്തെ "മൌലികതയിൽ നിന്നും പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ച, അവധാനത നഷ്ടപ്പെട്ട വിഭാഗം' എന്നാണ് ബൂത്വി വിശേഷിപ്പിച്ചത്.
കർമ്മശാസ്ത്ര രംഗത്ത് ബൂത്വിയുടെ ശ്രദ്ധേയമായൊരു ഇടപെടൽ "ഫിഖ്ഹുൽ അഖല്ലിയാത്' എന്ന നൂതന സംജ്ഞയെ കേന്ദ്രീകരിച്ചാണ്. യൂറോപ്പിലും അമേരിക്കയിലും മുസ്ലിംകൾ ന്യൂനപക്ഷമാണെന്നും, അവിടെ അവരുടെ അധിവാസം സുഗമവും പ്രയാസരഹിതവും ആക്കാൻ കർമ്മശാസ്ത്രരംഗത്ത് വ്യത്യസ്തവും പുതിയതുമായ രീതികളും ആശയങ്ങളും സ്വീകരിക്കാമെന്നും സിദ്ധാന്തിച്ച് ത്വാഹാ ജാബിറുൽ അൽവാനി, യൂസുഫുൽ ഖർളാവി തുടങ്ങിയവർ 1990ൽ രൂപം നൽകിയ സംജ്ഞയാണ് ഫിഖ്ഹുൽ അഖല്ലിയാത്. (ന്യൂനപക്ഷങ്ങളുടെ കർമ്മശാസ്ത്രം).
"ഫിഖ്ഹുൽ അഖല്ലിയാത്ത്' ഇസ്ലാമിനെ ഭിന്നിപ്പിക്കുകയെന്ന പടിഞ്ഞാറൻ തന്ത്രത്തിന്റെ ഭാഗമായി ഉരുവം കൊണ്ട ആശയമാണെന്ന് ശൈഖ് ബൂത്വി എഴുതുന്നുണ്ട്.
പ്രമാദമായ മറ്റൊരു കൃതി 'അൽ ജിഹാദു ഫിൽ ഇസ്ലാം' ആണ് . ബൂത്വി കൂടുതൽ വിമർശിക്കപ്പെട്ടത് ഈ കൃതിയുടെ പേരിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല. സിറിയയിലെ പള്ളിയിൽ അധ്യാപനം നടത്തുന്നതിനിടെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടാൻ പോലും പുസ്തകം കാരണമാണ്. പ്രമാണങ്ങളുടെ വെളിച്ചത്തിൽ, ഇസ്ലാം മുന്നോട്ട് വെക്കുന്ന സമാധാന പാഠങ്ങൾ മനോഹരമായി വരച്ചിടുകയും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ജിഹാദിനെ ശരിയായ ദിശയിൽ ബൂത്വി വിശകലനം നടത്തുകയും ചെയ്യുന്നുണ്ട്. ബൂത്വിയുടെ അൽ കുബ്റൽ യഖീനിയ്യാത്ത് അൽ ഖൗനിയ എന്ന ബൃഹത്ത് ഗ്രന്ഥം പ്രസിദ്ധമാണ്.
ഹിംസാത്മകമായ മത വിമർശനങ്ങൾക്ക് നേതൃത്വം നൽകി റെഡിമെയ്ഡ് ഉത്തരങ്ങളും പ്രീപ്ലാൻഡ് ചോദ്യങ്ങളുമായി നിരന്തരം ദൈവത്തെക്കുറിച്ച് കലഹിച്ച്, ഇസ്ലാമിക ശരീഅത്തിനും അഖീദക്കും യുക്തിരാഹിത്യം ചാർത്തി ശാസ്ത്രത്തിന്റെ പേറ്റന്റ് അവകാശപ്പെടുന്ന നവനാസ്തികർക്ക് അക്കമിട്ട് മറുപടി പറയുന്ന ഇൗ ഗ്രന്ഥം പ്രസിദ്ധീകരിച്ച വേളയിൽ തന്നെ അക്കാദമിക് സംവാദ വേദികളിൽ വൻസ്വീകാര്യത നേടിയിരുന്നു .ഇസ്ലാമിന്റെ ചരിത്രവും നാഗരികതയും ദൈവശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ വിശകലനം ചെയ്യുകയും ഇസ്ലാമിന്റെ ശരീഅയെ അസന്നിഗ്ദ്ധമായി സ്ഥാപിച്ചെടുക്കുകയും ചെയ്യുകയാണ് ബൂത്വി . പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുള്ള യൂറോ കേന്ദ്രീകൃത ധാരണകളെയും വാർപ്പുരീതികളെയും കൃതിയിൽ പലപ്പോഴും ചോദ്യം ചെയ്യുന്നുണ്ട്. ഇവല്യൂഷൻ തിയറിയും ഡാർവിനിസവും ലാമാർക്കിയൻ സിദ്ധാന്തവുമൊക്കെ മുടിനാരിഴകീറി പരിശോധിച്ച് നിയോഡാർവിനിസത്തിന്റെ വ്യാഖ്യാനങ്ങളിലെ അബദ്ധ ജഡിലതകൾ പോലും ഖണ്ഡിതമായി തുറന്നുകാട്ടി, ഇസ്ലാം വിരുദ്ധതയുടെ വിത്തെറിഞ്ഞ് മതവിരുദ്ധത വിളവെടുക്കാനുള്ള പരിണാമവാദികളുടെ തന്ത്രങ്ങളെ മുളയിലേ നുള്ളികളയുന്നുണ്ട്. ഒറിജിൻ ഓഫ് ലൈഫും കോസ്മോളജിയും സം ലയിപ്പിച്ച് റിച്ചാർഡ് ഡോക്കിൻസും സാം ഹാരി സുമൊക്കെ നിർമ്മിച്ചു വെച്ച ചില വാർപ്പ് രീതികൾക്ക് യുക്തിഭദ്രമായി തന്നെ ഖണ്ഡനങ്ങൾ നൽകുന്നുണ്ട്.
84വയസ്സുവരെയുള്ള തന്റെ ജീവിതത്തിനിടയിൽ അറുപതിലധികം ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തെ സമകാലികരിൽ പലരും സാദൃശ്യപ്പെടുത്തുന്നത് ഇമാം ഗസാലിയോടാണ്. നിശ്ശബ്ദ വൈജ്ഞാനിക വിപ്ലവത്തിനാണ് ബൂത്വി മുൻഗണന നൽകിയത്. ഒരേസമയം ഇസ്ലാമിനുള്ളിലെ അവാന്തര വിഭാഗങ്ങളെയും അതേപ്രകാരം ഇസ്ലാമിക വിരുദ്ധ ചിന്താഗതികളെയും അക്കാദമികമായി നേരിടുന്നതിൽ അദ്ദേഹം ശ്രദ്ധ കാണിച്ചു. അദ്ദേഹത്തിന്റെ രചനകൾ പരിശോധിച്ചാൽ അതു വ്യക്തമാവും.
ഇല്മുൽ കലാം (വിശ്വാസ ശാസ്ത്രം) സംബന്ധിച്ച ഇമാം ഗസാലിയുടെയും ഇബ്നു തീമിയ്യയുടെ നിലപാടുകളെയും കർശന വിചാരണക്ക് വിധേയമാക്കുന്നുണ്ട് അദ്ദേഹം. തസവ്വുഫ്, തവസ്സുൽ എല്ലാം ഈ ഒരു നിലപാട് നിന്നുകൊണ്ട് അദ്ദേഹം ചർച്ചക്ക് വിധേയമാക്കുന്നു.
യുക്തിവാദം, കമ്മ്യൂണിസം, ഭൗതികവാദം തുടങ്ങിയവക്കെതിരെയും അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. ഹേഗലിന്റെയും മാർകിസത്തിന്റെയും കൂട്ടുത്പന്നമായ വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദ (ഉശമഹലരശേരമഹ ങമലേൃശമഹശാെ)ത്തിന്റെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ കൃതിയാണ് "നഖ്ദു അവ്ഹാമി അൽ-മാദിയ്യ അൽ-ജദലിയ്യ'. പാശ്ചാത്യൻ സംസകാരം, ഇസ്ലാമിന്റെ സ്ത്രീ വീക്ഷണം, പ്രവാചക ചരിത്രം, ആധുനിക പ്രശ്നങ്ങളുടെ കർമശാസ്ത്ര മാനം, മറ്റു മതക്കാരുമായുള്ള സഹവർത്തിത്വം, ഖുർആനിക വിഷയങ്ങൾ തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകൾ കുറവാണ്.
1955-65 കാലത്ത് ഡസൻ കണക്കിന് കുർദിഷ് കവിതകളും നോവലുകളും അദ്ദേഹം അറബിയിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.1957ൽ ബൂത്വി വിവർത്തനം ചെയ്ത, കുർദിഷ് സാഹിത്യത്തിലെ ക്ലാസിക് നോവലായ "സനി മെമൂസിൻ' അറേബ്യൻ ലോകത്ത് വൻ പ്രചാരം നേടുകയുണ്ടായി.
ദമാസ്കസ് സർവകലാശാലയിലെ ശരീഅത്ത് ഫാക്കൽറ്റിയിൽ അധ്യാപകനായി ഒദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് അതിന്റെ വൈസ് ഡീനും ശേഷം ഡീനുമായി നിയമിക്കപ്പെട്ടു. ദമാസ്കസിലെ വിവിധ പള്ളികളിൽ അദ്ദേഹം ദിനേനയെന്നോണം പ്രാഭാഷണങ്ങൾ നടത്തിയിരുന്നതായി യൂണിവേർസിറ്റിയിൽ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഷാർജ യൂണിവേഴ്സിറ്റിയിലെ ലക്ചർ ഡോ. മുഹമ്മദ് ഫത്ഹീ റാശിദ് അൽ-ഹരീരി ശൈഖ് ബൂത്വിയെക്കുറിച്ചുള്ള തന്റെ ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. അക്കാദമിക രംഗങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ഇക്കാലയളവിൽ, അദ്ദേഹത്തിന്റെ മരണത്തിന് സാക്ഷ്യംവഹിച്ച മസ്ജിദുൽ ഇൗമാനും അമവി ഭരണാധികാരിയായ വലീദ് ബിൻ അബ്ദുൽ മാലിക് നിർമിച്ച സിറിയയിലെ ഏറ്റവും പ്രസിദ്ധമായ അമവി മസ്ജിദിലും ഉൾപ്പെടെ വിവിധ മസ്ജിദുകളിൽ വൈജ്ഞാനിക സദസ്സുകൾക്ക് അദ്ദേഹം നേത്രത്വം നൽകി.
അന്താരാഷ്ട്ര തലത്തിൽ വിവിധ സമ്മേളനങ്ങളിലും സെമിനാറുകളിലും സ്ഥിര സാന്നിധ്യമായിരുന്ന അദ്ദേഹം പല കൂട്ടായ്മകൾക്കും നേത്രത്വം നൽകി. ആൽ അൽ-ബൈത്ത് ഫൌണ്ടേഷൻ ഫോർ ഇസ്ലാമിക് തോട്ട് അമ്മാൻ, ജോർദാൻ, ത്വാബ ഫൗണ്ടേഷൻ, അബുദാബി, ഒാക്സ്ഫോർഡ് അക്കാദമിക് കൌൺസിൽ തുടങ്ങിയവയിലോക്കെയും പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹത്തിന് 2004-ൽ മികച്ച ഇസ്ലാമിക വ്യക്തിത്വത്തിനുള്ള ദുബൈ ഹോളി ഖുർആൻ അവാർഡ് ലഭിച്ചു. അറബിക്കു പുറമേ, തുർക്കി, കുർദു ഭാഷകളിൽ അവഗാഹം ഉണ്ടായിരുന്ന അദ്ദേഹത്തിനും ഇംഗ്ലീഷും വശമുണ്ടായിരുന്നു.
നിലപാടിന്റെ സൗന്ദര്യവും
പൊളിറ്റിക്സിലെ ഇടപെടലും
ശൈഖ് ബൂത്വി ഏറ്റവും അധിക വിമർശിക്കപ്പെട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ മൂലമാണ്. ഭരണകൂടത്തിനെതിരായ സായുധകലാപം വിദേശ ശക്തികൾക്ക് കടന്നുവരാനുള്ള അവസരമാകുമെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന വിപ്ലവങ്ങൾ ഇസ്ലാമികമാവില്ലെന്നുമായിരുന്നു സിറിയൻ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, മുല്ലപ്പൂ വിപ്ലവത്തിന്റെ കലിപ്പ് നാളുകളിൽ ബൂത്വി ഇത് പറഞ്ഞപ്പോൾ പാൻ ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിന്റെ രക്തത്തിന് വില പറയുകയായിരുന്നു.
കർമശാസ്ത്രമനുസരിച്ച് കൊണ്ടണ്ടുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. "ലാ മദ്ഹബിയ്യ അഖ്ത്വറു ബിദ്അതിൻ തുഹദ്ദിദുശ്ശരീഅതൽ ഇസ്ലാമിയ്യ' എന്ന വിഖ്യാത ഗ്രന്ഥമായിരുന്നു അദ്ദേഹത്തിന്റെ പ്രാക്ടിക്കൽ രാഷ്ട്രീയം.
അതിനാൽ അസദിനെതിരെ അദ്ദേഹം കലാപം അരുതെന്ന് പറഞ്ഞു. ഭരണാധികാരി പരസ്യമായി സത്യനിഷേധത്തിന് മുതിരുകയോ നിസ്കാരം നിരോധിക്കുകയോ ചെയ്യാത്ത കാലത്തോളം ഭരണാധികാരിയെ അയാൾ അക്രമകാരിയാണെങ്കിലും അനുസരിക്കണമെന്നാണ് കർമശാസ്ത്രം പഠിപ്പിക്കുന്നത്.
അദ്ദേഹം സിറിയൻ ജനതയോട് പറഞ്ഞു, "പള്ളികളെ നശിപ്പിക്കാനും രാജ്യത്ത് കുഴപ്പമുണ്ടണ്ടാക്കാനും ശ്രമിക്കുന്നവരുടെ ആഹ്വാനങ്ങൾക്ക് നിങ്ങൾ ചെവി കൊടുക്കരുത് '.എന്നാൽ, ബൂത്വിയുടെ വാക്കുകളോട് നേർവിപരീതമായിരുന്നു ഇഖ്വാനീ പണ്ഡിതനായ യൂസുഫ് അൽ ഖറദാവിയുടെ നിലപാട്. അസദിന്റെ ഭരണത്തിനെതിരെ ശക്തമായി പ്രതികരിച്ച ഖറദാവി അസദിനെ പിന്തുണക്കുന്നവരെയും നശിപ്പിക്കാൻ പ്രക്ഷോഭകാരികളോട് ആഹ്വാനം ചെയ്തു.
ഇസ്രാഇൗലിനെതിരെ പോരാടുന്നതിനേക്കാൾ മഹത്വമാണ് അസദിനെപ്പോലെയുള്ള അക്രമകാരികളായ ഭരണാധികാരികൾക്കെതിരെ പ്രക്ഷോഭം നടത്തുന്നതെന്ന് വരെ പറഞ്ഞ ഖറദാവി ബൂത്വിയെ കണക്കിന് വിമർശിക്കാനും മറന്നില്ല.
ഒടുവിൽ നിലപാടിന് സ്വജീവനും നൽകി .2013 മാർച്ച് 21ന് മതാധ്യായനം നടത്തിക്കൊണ്ടണ്ടിരിക്കവേയാണ് ചാവേറാക്രമണത്തിൽ വധിക്കപ്പെടുന്നത്.സിറിയൻ ആഭ്യന്തര കലഹം പതിറ്റാണ്ടുകൾ തികയുമ്പോൾ ബൂത്വിയുടെ പ്രാക്ടിക്കൽ രാഷ്ട്രീയം കുടുതൽ പ്രസക്തമാവുകയാണ് . ബൂത്വിയായിരുന്നു ശരിയെന്ന് കാലം സാക്ഷിയാവുകയാണ് .
സൂഫീ ആക്ടിവിസം
തസവ്വുഫിൽ അതുല്യമായ അടയാളപ്പെടുത്തലാണ് ബൂത്വി നിർവ്വഹിച്ചത്. പ്രമുഖ പണ്ഡിതൻ ഒമദ് സാഫി രേഖപ്പെടുത്തിയ വാക്കുകൾ ശ്രദ്ധേയമാണ് : അറിവും സൂക്ഷ്മതയും വിരക്തിയും ദൈവസ്നേഹവും നിറഞ്ഞ ഹൃദയവും ഭയഭക്തിയാൽ നിറഞ്ഞ കണ്ണുകളുമാണ് എനിക്ക് ശൈഖ് ബൂത്വിയിൽ കാണാനായിട്ടുള്ളത്. ലോകം അദ്ദേഹത്തിനു മുമ്പിൽ പലതും വച്ചുനീട്ടിയെങ്കിലും അതെല്ലാം നിരസിച്ച അദ്ദേഹം ചെറിയൊരു വീടും അത്യാവശ്യ ഉപജീനോപാധികളും കൊണ്ടു തൃപ്തനായി'.
ബൂത്വിയൻ ചിന്തകളുടെ തസവ്വുഫീ നിലപാടുകളുടെ വിവരണങ്ങളും വസ്തുതാപരമാണ്. പറഞ്ഞു പതിഞ്ഞ സൂഫീ ധാരണകളെ ഉടച്ചുവാർക്കുന്നതാണ് ബൂത്വിയുടെ നിലപാടുകളോരോന്നും. സൂഫികൾ നുബുവ്വത്തിനെ പ്രതിനിധീകരിക്കുന്നവരാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ് : " വഹ് യില്ല എന്നതൊഴിച്ചിൽ ശരിയായ നുബുവ്വത്താണ് സൂഫിസം .പക്ഷെ ഒരു മുർശിദിന്റെ നിബന്ധനങ്ങൾ ഒക്കാതെ അയാളുടെ വേഷം കെട്ടുന്നത് തെറ്റാണ്. ത്വരീഖത്തിന്റെ അന്തസത്തയേയും തിരുത്തുന്നുണ്ട് ബൂത്വി : "ജനങ്ങളുമായുള്ള സമ്പർക്കം ദൈവസ്മരണയിൽ നിന്നും പിന്തിരിക്കുമെന്ന് ധരിച്ച് ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കലല്ല പരിത്യാഗം , ചിലർ പതിവാക്കുന്ന പ്രസ്തുത രീതി പണ്ഡിതർക്ക് ഉചിതവുമല്ല. അതാണ് തർബിയത്തെന്ന് വിശ്വസിക്കുന്നത് വങ്കത്തമാണ് " . തസവ്വുഫിന്റെ വിവിധ തലങ്ങളെ നിരീക്ഷണ വിധേയമാക്കുന്ന ബൂത്വിയുടെ ജീവിതം ആത്മീയതയിലധിഷ്ഠിതമായിരുന്നു.
2004ൽ ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ് നേടിയപ്പോൾ കടുത്ത സൂഫീ സുന്നിയായിരുന്നിട്ടും സലഫീ ആഭിമുഖ്യമുള്ള അവാർഡ് പ്രഖ്യാപന സമിതി അദ്ദേഹത്തെ അംഗീകരിച്ചതിൽ ആരും അനൗചിത്യം രേഖപ്പെടുത്തിയിട്ടുമില്ലന്നത് ശ്രദ്ധേയമാണ് .
ജീവിതാവസാനം 2013 മാർച്ച് 21ന് മതാധ്യായനം നടത്തിക്കൊണ്ടണ്ടിരിക്കവേയാണ് ചാവേറാക്രമണത്തിൽ വധിക്കപ്പെടുന്നത്. സർവ്വോപരി ധന്യമായ സുകൃത ജീവിതം
ദിൽന ഖദീജ
COMMENTS