സ്ത്രീയുടെ ഇസ്ലാമിക വസ്ത്രധാരണം
ഇസ്‌ലാമിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വസ്ത്രം ധരിക്കുന്നതിനെയാണ് ഇസ്‌ലാമിക വസ്ത്രധാരണരീതി എന്നറിയപ്പെടുന്നത്. ഇസ്‌ലാമിക നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിലും പ്രാദേശികവും സാംസ്കാരികവും സാമൂഹികവുമായ സ്വാധീനങ്ങൾക്കനുസരിച്ച് അതിൽ വൈവിധ്യമേറയാണ്. നിർബന്ധമായും മറക്കപ്പെടേണ്ട ഭാഗങ്ങൾ എന്ന് നിർദ്ദേശിക്കപ്പെട്ടവ മറക്കപ്പെടുന്ന ഏത് വസ്ത്രധാരണരീതിയും ഇസ്‌ലാമിക വസ്ത്രധാരണരീതിയുടെ കീഴിൽ വരും.
ഇസ്‌ലാമിക വസ്ത്രധാരണത്തിന്റെ സവിശേഷതകള്‍:
1. ശരീരം മുഴുവനും മറക്കുക.
2. ഉള്ളിലുള്ളത് നിഴലിച്ച് കാണുകയും വ്യക്തമാവുകയും ചെയ്യാതിരിക്കുക.
നബി (സ) പറഞ്ഞിരിക്കുന്നു: ”വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നവരും ആടിക്കുഴയുന്നവരും കൊഞ്ചിക്കുഴയുന്നവരുമായ സ്ത്രീകള്‍ നരകാവകാശികളില്‍ പെട്ടവരാണ്. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല” (മുസ്‌ലിം 5704).
3. ശരീര വടിവ് മുഴച്ചു കാണുകയും ഭംഗി പ്രകടമാവുകയും ചെയ്യാതിരിക്കുക. കാമാസക്തി ഉത്തേജിപ്പിക്കുന്ന ശരീര ഭാഗങ്ങള്‍ വളരെ വ്യക്തമായി കാണിക്കുന്ന ഇടുങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നവരും നഗ്നത കാണിക്കുന്ന വസ്ത്ര ധാരിണികളിലുള്‍പ്പെടുന്നതാണ്.
4. പുരുഷന്മാര്‍ക്ക് പ്രത്യേകമായുള്ള വസ്ത്രങ്ങളാവാതിരിക്കുക. കാരണം സ്ത്രീകളോട് സാദൃശ്യം പുലര്‍ത്തുന്ന പുരുഷന്മാരെ ശപിച്ചത് പോലെത്തന്നെ പുരുഷന്മാരോട് സാദൃശ്യം പുലര്‍ത്തുന്ന സ്ത്രീകളെയും നബി(സ) ശപിച്ചിട്ടുണ്ട്. സ്ത്രീ പുരുഷന്റെയും, പുരുഷന്‍ സ്ത്രീയുടെയും വസ്ത്രം ധരിക്കുന്നത് അവിടുന്ന് നിരോധിക്കുകയും ചെയ്തിരിക്കുന്നു (അഹ്മദ്: 2006, 1982).
5. വിഗ്രഹാരാധകര്‍ക്കും മറ്റും പ്രത്യേകമായുള്ള വസ്ത്രം ആവാതിരിക്കുക. രൂപത്തിലും ഭാവത്തിലും മുസ്‌ലിം സ്ത്രീ- പുരുഷന്മാര്‍ക്ക് സ്വതന്ത്രവും സവിശേഷവുമായ വ്യക്തിത്വമുണ്ടാവണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമില്‍ അത്തരക്കാരുമായി സാദൃശ്യം പുലര്‍ത്തുന്നത് നിരോധിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് നിരവധി കാര്യങ്ങളില്‍ ഇസ്‌ലാം സത്യ നിഷേധികളുമായി ഭിന്നത പുലര്‍ത്താനാവശ്യപ്പെട്ടത്. നബി(സ) ഇങ്ങനെ പറഞ്ഞിരിക്കുന്നു. ”ആരെങ്കിലും ഒരു ജനതയുമായി സാദൃശ്യം പുലര്‍ത്തിയാല്‍ അയാള്‍ അവരില്‍ പെട്ടവനാണ്” (അബൂ ദാവൂദ്: 4031).
ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ആവശ്യകത
21ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ. മതമൂല്യങ്ങള്‍ക്ക് ജീവിത കാഴ്ചപ്പാടിലുള്ള സ്വാധീനം ചുരുങ്ങി വന്നതും ‘സുഖലോലുപത’യെ കുറിച്ചുള്ള പിഴച്ച സങ്കല്‍പങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതുമാണ് നികൃഷ്ടമായ മാറ്റങ്ങള്‍ക്ക് ഹേതുവായത്. ലൈഗിംകതയോടുള്ള പരിഷ്കൃതലോകത്തിന്‍റെ മാറിക്കൊണ്ടിരിക്കുന്ന സമീപനം ആദ്യം കൈവെച്ചത് ഡ്രസ്സ് കോഡിലായിരുന്നു. ക്രിസ്തു മതാനുയായികള്‍ക്കിടയിലുള്ള മതമൂല്യങ്ങളുടെ സ്വാധീനം കുറയുകയും ഭൗതിക ഭ്രമം ജീവിത പരിസരത്തെ പൂര്‍ണ്ണമായി നിയന്ത്രിക്കാനാരാഭിക്കുകയും ചെയ്തപ്പോള്‍ വികൃതമായ ജീവിത സങ്കല്‍പങ്ങളുടലെടുത്തു.
ഇന്നത് നല്ലവനായ ചെറുപ്പക്കാരന്റെ നിശ്ചയ ദാർഢ്യവും സദാചാര ബോധവും മുങ്ങിപ്പോവാൻ മാത്രം ശക്തമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. പൈശാചിക ചിന്തകൾ തികട്ടിവരുമ്പോൾ അതിന്റെ പ്രത്യാഘാതത്തെ സംബന്ധിച്ചും അനന്തര ഫലത്തെ സംബന്ധിച്ചും ബോധം നഷ്ടപ്പെട്ടു പോവുകയും മനുഷ്യൻ മൃഗമായിത്തീരുകയും ചെയ്യുന്നു. ഇന്നത്തെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾക്ക് ഇതിലുള്ള പങ്ക് ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുമില്ല.
ദിവംഗതനായ കൃഷ്‌ണയ്യര്‍ ഒരിക്കല്‍ എഴുതുകയുണ്ടായി : ''സ്‌ത്രീകളുടെ മാദകമായ വസ്‌ത്രധാരണവും ചേഷ്ടകളും നിമിത്തം മതിമറന്ന് താല്‍കാലികമായ ഒരു ഉന്മാദവസ്ഥയിലാണ് പുരുഷന്‍ ബലാത്സംഗം ചെയ്യുന്നത്. അര്‍ദ്ധ, പൂര്‍ണ്ണ നഗ്നകളായി നൃത്തങ്ങളിലൂടെ ജനവികാരത്തെ ഉദ്ദീപിപ്പിക്കുന്ന പരസ്യ സംസ്‌കാരം എന്ന് നിര്‍ത്തലാക്കുന്നോ അന്നേ സ്‌ത്രീ പീഢനങ്ങള്‍ക്ക് അറുതി വരൂ എന്ന് സാരം.''
ഇവിടെയാണ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ആവശ്യകത എന്താണെന്ന് നമുക്ക് ബോധ്യമാവുന്നത്.
മനുഷ്യന്റെ എല്ലാ വിചാരവികാരങ്ങളും തിരിച്ചറിഞ്ഞ മതമായ ഇസ്‌ലാം സമൂഹത്തില്‍ സമാധാനവും സന്തുലിതാവസ്ഥയും നിലനില്‍ക്കണമെന്ന് ആഗ്രഹത്തോടെ മനുഷ്യന്‍ ചെന്നുവീഴാന്‍ സാധ്യതയുള്ള തിന്മയുടെ സര്‍വ്വ പഴുതുകളും കൊട്ടിയടച്ചുള്ള സാമൂഹിക വ്യവസ്ഥിതിയാണ് വിഭാവനം ചെയ്യുന്നത്. സമൂഹത്തിന്റെ രണ്ട് അവിഭാജ്യ ഘടകങ്ങളായ സ്‌ത്രീക്കും പുരുഷനും, അവരവരുടെ കഴിവും ശേഷിയും തിരിച്ചറിഞ്ഞുള്ള നിയമങ്ങളാണ് മതം അനുശാസിക്കുന്നത്. ആകര്‍ഷണ ശേഷിയിലും സൗന്ദര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌ത്രീശരീരം പുരുഷനാല്‍ കൊത്തിവലിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവളോട് ശരീരം മുഴുവന്‍ മറച്ച് മാത്രമേ അത്യാവശ്യ ഘട്ടത്തില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാവൂ എന്ന് ഇസ്‌ലാം നിർദേശിക്കുന്നു. പുരുഷന്റെ ഒരു അന്യസ്‌ത്രീയിലേക്കുള്ള നോട്ടം പോലും നിഷിദ്ധമാക്കിയ ശരീഅത്ത് സ്‌ത്രീ എന്നും സംരക്ഷിക്കപ്പെടേണ്ടവളാണെന്ന് സമൂഹത്തിന് പഠിപ്പിച്ചു.
ഇവിടെ പുരുഷനോട് അന്യസ്‌ത്രീയെ നോക്കുന്നതിനെ വിലക്കിയ ഇസ്‌ലാം സ്‌ത്രീ തന്റെ മാദകാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ച് പുരുഷ വികാരത്തെ ഇക്കിളിപ്പെടുത്തെരുതെന്ന് കൂടി നിഷ്കര്‍ഷിക്കുന്നു. ഖുര്‍ആന്‍ പറയുന്നത് നോക്കുക. "അല്ലാഹുവിന്റെ പ്രവാചകരേ, തങ്ങളുടെ പത്‌നിമാരോടും പെണ്‍മക്കളോടും വിശ്വാസിനികളോടും തങ്ങളുടെ മുഖപടങ്ങള്‍ താഴ്‌ത്തിയിടാന്‍ പറഞ്ഞാലും, അതത്രേ അവര്‍ തിരിച്ചറിയപ്പെടുന്നതിനും, അങ്ങനെ ശല്ല്യം ചെയ്യപ്പെടാതിരിക്കാനും ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു".
സ്‌ത്രീ ശരീരത്തിന്റെ വശ്യതയോ സൗന്ദര്യമോ ആകാരമോ പുറത്ത് കാണിക്കരുതെന്ന് പറഞ്ഞ ഖുര്‍ആന്‍, പ്രലോഭിതരാക്കും വിധം കൊഞ്ചികുഴഞ്ഞ് സംസാരിക്കരുതെന്നും, ആളുകള്‍ അറിയത്തക്കവണ്ണം കാലുകള്‍ കിലുക്കി നടക്കരുതെന്ന് കൂടി പറയുമ്പോള്‍ മതം നിര്‍ദ്ദേശിക്കുന്ന നിയമത്തിന്റെ താല്‍പര്യം സ്‌ത്രീസുരക്ഷ ഉദ്ദേശിച്ചാണെന്നത് വ്യക്തമാണ്.എന്നാല്‍, ഇന്ന് അത്യാവശ്യ ഘട്ടങ്ങളില്‍ പര്‍ദ്ദയും ബുര്‍ഖയും ധരിച്ച് സുരക്ഷിതരായി പുറത്തു പോകുന്ന സ്‌ത്രീകളെ ആധുനിക ഫെമിനിസ്സ് ചിന്താഗതിക്കാരും ലൈഗിക തൊഴിലാളി സംഘടനകളും അസ്വാതന്ത്ര്യത്തിന്റെയും അടിമത്വത്തിന്റെയും സിംബലുകളായിയാണ് കാണുന്നത്. പരിഷ്‌ക്കാരത്തിന്റെ പേരില്‍ എന്തും സ്വീകരിക്കാന്‍ തയ്യാറുള്ള പടിഞ്ഞാറിന്റെ വസ്‌ത്ര സങ്കല്‍പ്പങ്ങളാണ് ഇവരെ പര്‍ദ്ദ വിമര്‍ശനത്തിലേക്ക് കൊണ്ടെത്തിക്കുന്നതും. സാംസ്‌കാരികമായി നാം പടിഞ്ഞാറിനേക്കാള്‍ നൂറ്റാണ്ടുകള്‍ പിന്നിലാണെന്നും നമ്മുടെ സാംസ്‌കാരിക വളര്‍ച്ചക്ക് പടിഞ്ഞാറിന്റെ മൂല്യങ്ങള്‍ കടമെടുക്കണമെന്നും ഇവര്‍ വാദിക്കുന്നവർ
അതിരുകളില്ലാത്ത സ്‌ത്രീസ്വാതന്ത്ര്യത്തിലൂടെ ഇക്കാലമത്രയും പടിഞ്ഞാറ് നേടിയെതെന്തെന്ന് മനസ്സിലാക്കുമ്പോഴാണ് പരിഷ്‌കാരികള്‍ നമ്മേ കൊണ്ടെത്തിക്കുന്നത് എവിടേക്കാണെന്ന് ബോധ്യമാവുക.പരിഷ്‌കൃതമെന്ന് ഊറ്റം കൊള്ളുന്ന ,സാംസ്‌കാരിക മുന്നേറ്റത്തിന്റെ പേരില്‍ നാം റോള്‍മോഡലാക്കുന്ന അമേരിക്കയില്‍ ഓരോ ദിവസവും 2741 വിദ്യാത്ഥിനികള്‍ അവിഹിത ഗര്‍ഭണികളാവുകയും,1282 ജാരസന്തതികള്‍ പിറന്ന് വീഴുകയും 3221ഗർഭച്ഛിദ്രങ്ങള്‍ നടമാടുകയും ചെയ്യുന്നു. പരിഷ്‌കാരത്തിന്റെ പേരില്‍ എന്തും സ്വീകരിക്കാന്‍ തയ്യാറായ ഒരു സമൂഹത്തിന്റെ പത്ത് വര്‍ഷം മുമ്പ് വരേയുള്ള ദയനീയ പരാജയത്തിന്റെ കണക്കാണിത്.
എന്തൊക്കെ ഏതൊക്കെ സമയം മറക്കണം
സ്ത്രീയുടെ ഔറത്ത് ;പുരുഷന്റെ മുമ്പില്‍ :
പ്രായപൂര്‍ത്തിയായ അന്യപുരുഷന്റെ മുമ്പില്‍ സ്വതന്ത്രയായ സ്ത്രീയുടെ ഔറത്ത് ഏതാണെന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ശാഫിഈ, ഹംബലി മദ്ഹബുകളില്‍ സ്ത്രീയുടെ ശരീരം മുഴുവൻ ഔറത്താണെന്നതാണ് പ്രബലമായ അഭിപ്രായം. ഇമാം അഹ്മദ്(റ) ഇത് വ്യക്തമാക്കുന്നുമുണ്ട്: നഖം തൊട്ട് സ്ത്രീയുടെ ശരീരമാസകലം ഔറത്ത് തന്നെ (തഫ്‌സീര്‍ ഇബ്‌നു ജൗസി 6/31). അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടാലും ഇല്ലെങ്കിലും ആഗ്രഹം ജനിപ്പിക്കുന്ന പ്രായമെത്തിയ സ്ത്രീക്ക് അവള്‍ വിരൂപിയാണെങ്കില്‍പോലും അന്യപുരുഷന് മുമ്പില്‍ ശരീരമാസകലം ഔറത്താണെന്ന് തുഹ്ഫ (കിതാബുന്നികാഹ്) പോലോത്ത ശാഫിഈ ഗ്രന്ഥങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം സ്ത്രീകള്‍ അന്യപുരുഷന്‍മാര്‍ക്കിടയില്‍ ശരീരമാസകലം മറക്കേണ്ടതുണ്ട്.പ്രായപൂര്‍ത്തിയാകാനടുത്ത ബാലന്‍മാരും (മുറാഹിഖ്) മുഴുഭ്രാന്തന്‍മാരും പ്രായപൂര്‍ത്തിയായ പുരുഷനെ പോലെയാകയാല്‍ അവരുടെ മുമ്പിലും സ്ത്രീ മുഴുവന്‍ മറക്കേണ്ടതുണ്ട്. (നോ.തുഹ്ഫ 7/197) ഇമാം ശാഫിഈ(റ), അഹ്മദ്ബ്‌നു ഹംബല്‍ (റ) എന്നിവരുടെ അഭിപ്രായത്തെ പിന്താങ്ങുന്ന തെളിവുകള്‍.
വിശുദ്ധ ഖുര്‍ആന്‍ : സൂറത്ത് നൂറിലെ 31-ാം സൂക്തത്തില്‍ മുസ്‌ലിം സ്ത്രീയോട് അവരുടെ ഭംഗി (സീനത്ത്) വെളിവാക്കരുതെന്ന് ഖുര്‍ആന്‍ വ്യക്തമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. മനുഷ്യന്റെ ഭംഗിയും രൂപവും കൂടുതല്‍ പ്രകടമാവുന്നത് മുഖവും മുന്‍കയ്യുമാകയാല്‍ ഈ നിര്‍ദേശം ഇവയെ ബാധിക്കുമെന്ന് ശാഫിഈ(റ), അഹമദ്(റ) എന്നിവര്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍, പ്രസ്തുത ആയത്തിന്റെ തുടര്‍ച്ചയില്‍, അതില്‍ (ഭംഗി) നിന്ന് വെളിവാകുന്നതൊഴിച്ച് എന്ന വാക്യത്തെ അവര്‍ വ്യാഖ്യാനിച്ചത് കാറ്റ് പോലോത്തതു കൊണ്ട് മനഃപൂര്‍വ്വമല്ലാതെ ശരീരത്തില്‍നിന്ന് വെളിച്ചത്താകുന്ന ഭാഗങ്ങള്‍ എന്നാണ്. സ്വബോധമില്ലാതെ, ആകസ്മികമായി വെളിവാകുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീ കുറ്റക്കാരിയാകുന്നില്ലെന്ന് അവര്‍ വിശദീകരിക്കുന്നു. നിങ്ങള്‍ അവരോട് (നബി ഭാര്യമാരോട്) ചരക്കുകള്‍ ചോദിച്ചാല്‍ മറക്ക് പിന്നിലായി നിങ്ങള്‍ ചോദിക്കുക (33/53) എന്ന ഖുര്‍ആനിക സൂക്തം പ്രവാചക പത്‌നിമാരുടെ കാര്യത്തിലാണ് അവതരിച്ചതെങ്കിലും മറ്റു സ്ത്രീകളെയും അത് ബാധിക്കുമെന്ന് ഖിയാസ് ചെയ്ത് ഈ ആയത്തുകൊണ്ട് അവര്‍ തെളിവ് പിടിക്കുന്നു.
ഹദീസുകള്‍:- ജംരീരുബ്‌നു അബ്ദുല്ല(റ) പറയുന്നു: ഞാന്‍ നബി(സ)യോട് ആകസ്മികമായിട്ടുള്ള നോട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നബി(സ) പ്രതിവചിച്ചു: നീ കണ്ണ് തിരിക്കുക: (മുസ്‌ലിം അഹ്മദ്)
അലീ, നീ ഒന്നിന് ശേഷം മറ്റൊന്നായി നോട്ടത്തെ തുടര്‍ത്തരുത്. നിശ്ചയം നിനക്ക് ആദ്യനോട്ടം മാത്രമാണുള്ളത്. മറ്റുള്ളവ അനുവദനീയമല്ല എന്ന് അലി (റ)വിനോട് നബി (സ) കല്‍പിച്ച ഹദീസ്. (അഹ്മദ്, അബൂദാവൂദ്)
ബൗദ്ധിക തെളിവ്: സ്ത്രീകളെ നോക്കല്‍ അനുവദനീയമാവാത്തത് അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടത് കൊണ്ടാണ്. എന്നാല്‍ മുടി, കാല്‍ എന്നിവയെക്കാള്‍ ഫിത്‌ന ഗൗരവതരമാകുന്നത് മുഖത്തിലാണെന്നത് ബുദ്ധിക്ക് സര്‍വ്വസമ്മതമാണ്.
എന്നാല്‍, ഇമാം മാലിക് (റ), അബൂഹനീഫ(റ) എന്നിവര്‍ സ്ത്രീയുടെ മുഖവും മുന്‍കയ്യും ഔറത്തില്‍പ്പെട്ടതല്ലെന്ന് അഭിപ്രായപ്പെട്ടവരാണ്.അവര്‍ക്കും അവരുടേതായ തെളിവുകളുണ്ട്. അവ താഴെ കൊടുക്കുന്നു.
‘സ്ത്രീകള്‍ അവരുടെ ഭംഗി വെളിവാക്കരുത്’ എന്നതില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ ‘അതില്‍നിന്ന് (ഭംഗി) വെളിവാകുന്നതൊഴിച്ച്’ എന്ന തുടര്‍വാക്യത്തിലൂടെ പല ആവശ്യങ്ങള്‍ക്കും വെളിവാക്കേണ്ടിവരുന്ന മുഖത്തിനും മുന്‍കൈയ്യിനും ഇത് ബാധകമല്ലെന്ന് വരുന്നുണ്ടെന്ന് അവർ ഈ ആയത്തിനെ വിശദീകരിച്ചു പറയുന്നു.
ഹദീസ്: ആയിശ(റ)യില്‍ നിന്ന് നിവേദനം: അബൂബക്കര്‍ (റ)ന്റെ മകള്‍ അസ്മാഅ്(റ) ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ നേരിയ വസ്ത്രമണിഞ്ഞ് കയറിച്ചെന്നു. ഉടനെ നബി(സ) മുഖം തിരിച്ച് ”ഓ… അസ്മാഅ്, ആര്‍ത്തവ പ്രായമായ സ്ത്രീയുടെ ഇതും ഇതുമൊഴിച്ചൊന്നും കാണാന്‍ പാടില്ല” എന്ന് നബി (സ) തന്റെ മുഖത്തിലേക്കും മുന്‍കൈയ്യിലേക്കും ചൂണ്ടി പറഞ്ഞു.
ഔറത്ത് മറക്കല്‍ നിര്‍ബന്ധമായ നിസ്‌കാരം, ഇഹ്‌റാം എന്നിവയുടെ അവസരത്തില്‍ സ്ത്രീ മുഖവും മുന്‍കയ്യും മറക്കണ്ടെന്ന് വരുമ്പോള്‍ അവ ഔറത്തിന് പുറത്താണെന്ന് വരുന്നു.
സ്ത്രീക്കു മുമ്പിൽ: മുട്ടുപൊക്കിള്‍ക്കിടയിലുള്ളതാണ് സ്ത്രീക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത്. എന്നാല്‍ മുട്ടുപൊക്കിള്‍ക്കിടയിലുള്ളതൊഴിച്ച് മറ്റു ഭാഗങ്ങളിലേക്ക് എത്തരം സ്ത്രീകള്‍ക്കാണ് നോക്കല്‍ അനുവദനീയമാവുക എന്ന ചര്‍ച്ചയില്‍ മുസ്‌ലിം, മുസ്‌ലിമേതര സ്ത്രീ എന്നിങ്ങനെ പണ്ഡിതര്‍ വിഭജിച്ചതായി കാണാം. മുസ്‌ലിം സ്ത്രീകള്‍ക്ക് മുമ്പില്‍ മുട്ടുപൊക്കിള്‍ക്കിടയിലുള്ള ഭാഗമാണ് സ്ത്രീയുടെ ഔറത്തെന്നതില്‍ എല്ലാവരും ഒരു പക്ഷത്താണ്. പക്ഷെ, ഇമാം അഹ്മദ്ബ്‌നു ഹംബല്‍(റ) ഇത്തരം ഒരു വിഭജനം നടത്തുന്നില്ല. അദ്ദേഹത്തിന്റെ മദ്ഹബ് പ്രകാരം മുസ്‌ലിം സ്ത്രീയോ മുസ്‌ലിമേതര സ്ത്രീയോ ആയാലും അവര്‍ക്കു മുന്നില്‍ മുട്ടുപുള്‍ക്കിടയിലുള്ള ഭാഗം മാത്രമാണ് ഒരു സ്ത്രീ മറക്കേണ്ടതായിട്ടുള്ളൂ. എന്നാല്‍, ഇമാം ശാഫിഈ(റ) ഉള്‍പ്പെടുന്ന ഭൂരിപക്ഷ പണ്ഡിതന്‍മാരും മുഖവും മുന്‍കയ്യുമൊഴിച്ചുള്ള എല്ലാ ശരീരഭാഗങ്ങളും കാഫിറായ സ്ത്രീക്ക് മുമ്പില്‍ ഒരു സ്ത്രീയുടെ ഔറത്താണെന്ന അഭിപ്രായക്കാരാണ്. ദുഃസ്വഭാവികളായ മുസ്‌ലിം സ്ത്രീകളും കാഫിറായ സ്ത്രീകളുടെ പരിധിയില്‍ വരുമെന്നും ഫിത്‌ന നിര്‍ഭയമായ സാഹചര്യത്തില്‍ മാത്രമേ ദുഃസ്വബാവികളായ മുസ്‌ലിം സ്ത്രീകള്‍ക്കോ മുസ്‌ലിമേതര സ്ത്രീകള്‍ക്കോ ഒരു മുസ്‌ലിം സ്ത്രീയുടെ മുഖവും മുന്‍കയ്യും നോക്കല്‍ അനുവദനീയമാകുന്നുള്ളൂവെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (നോ. അല്‍ഫിഖ്ഹ് മദാഹിബുല്‍ അര്‍ബഅ 1/192).
മുസ്‌ലിം സ്ത്രീകളുടെ ഭംഗി (സീനത്ത്) കാണല്‍ അനുവദനീയമാവുന്നവരെ എണ്ണിപ്പറഞ്ഞിടത്ത്, വിശുദ്ധ ഖുര്‍ആന്‍ അവരുടെ (മുസ്‌ലിം സ്ത്രീകളുടെ) സ്ത്രീകളും എന്ന് പ്രയോഗിച്ചതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രമേ അവരുടെ ഭംഗി കാണാന്‍ പറ്റുകയുള്ളൂവെന്ന് പ്രബല തഫ്‌സീറിനെ അടിസ്ഥാനമാക്കിയാണ് പണ്ഡിതര്‍ ഈ വിഭജനം നടത്തിയിട്ടുള്ളത്.
വിവാഹബന്ധം നിഷിദ്ധമായവര്‍ക്കു മുമ്പിൽ:
വിവാഹബന്ധം നിഷിദ്ധമായവര്‍ക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത് മുട്ട് പൊക്കിള്‍ക്കിടയിലുള്ള ശരീരഭാഗങ്ങള്‍ തന്നെയാണ്. എന്നാല്‍, മുഖം, തല, പിരടി, കൈകാലുകള്‍ എന്നിവ ഒഴിച്ചുള്ള ശരീരഭാഗങ്ങളും അവര്‍ക്ക് മുമ്പില്‍ ഔറത്താണെന്ന് ഇമാം മാലിക്(റ), അഹ്മദ് ബ്‌നു ഹംബല്‍ (റ) എന്നിവരുടെ പക്ഷം. (അല്‍ഫിഖ്ഹ് അലാമദാബുല്‍ അര്‍ബഅ 1/192).
▫️നിസ്‌കാരത്തിൽ:മുഖം, മുന്‍കയ്യ്, അകം, പുറം എന്നിവ ഒഴിച്ചുള്ള മുഴുവന്‍ ശരീര ഭാഗങ്ങളും നിസ്‌കാരത്തില്‍ സ്ത്രീയുടെ (ചെറിയ പെണ്‍കുട്ടിയാണെങ്കിലും) ഔറത്താണെന്നാണ് ശാഫിഈ മദ്ഹബിന്റെ പക്ഷം. (നോ. തുഹ്ഫ 2/111).എന്നാല്‍ മുഖവും രണ്ടു ഉള്ളം കയ്യും രണ്ടു പുറംകാലും ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളുമാണ് ഹനഫീ മദ്ഹബ് പ്രകാരം പ്രസ്തുത ഔറത്ത്. മുഖമൊഴിച്ചുള്ള ഭാഗങ്ങളാണെന്നാണ് ഹംബലി മദ്ഹബിന്റെ പക്ഷമെങ്കില്‍ മാലിക് മദ്ഹബ് പ്രസ്തുത ഔറത്തിനെ ഗൗരവമുള്ളത് (മുഖല്ലള്), ലഘുവായത് (മുഖഫ്ഫഫ്) എന്നിങ്ങനെ രണ്ടായി തരം തിരിച്ചതായി കാണാം. തല, കൈകാലുകള്‍, നെഞ്ച്, നെഞ്ചിനോട് നേരിടുന്ന പുറംഭാഗം എന്നിവ ഒഴിച്ചുള്ള എല്ലാ ശരീര ഭാഗവുമാണ് ‘ഗൗരവമായ’ ഔറത്ത് എന്നതുകൊണ്ടുള്ള വിവക്ഷ. തല, പിരടി, മുഴംകൈ, നെഞ്ച്, നെഞ്ചിനോട് നേരിടുന്ന പുറം ഭാഗം എന്നിവ ഒഴിച്ചുള്ള ഭാഗങ്ങളാണ് ലഘുവായ ഔറത്ത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൗരവമായ ഔറത്തിനെ അല്‍പമോ മുഴുവനോ തുറന്ന് നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാകുമെന്നും, എന്നാല്‍ ലഘുവായ ഔറത്തിനെ അല്‍പമോ മുഴുവനോ തുറന്ന് നിസ്‌കരിച്ചാല്‍ (തുറന്നിടലും നോക്കലും ഹറാമാണെങ്കിലും) നിസ്‌കാരം സാധുവാകുമെന്നുമാണ് ഹംബലികളുടെ കര്‍മ്മശാസ്ത്രം (അല്‍ഫിക്ഹ് അലല്‍മദാഹിബുല്‍ അര്‍ബഅ:)
സ്ത്രീ ഒറ്റക്ക്, ചെറുപ്രായത്തില്‍:സ്ത്രീ ഒറ്റക്കാകുമ്പോള്‍ മുട്ടുപൊക്കിള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ മറക്കണമെന്ന് ഫത്ഹുല്‍ മുഈനിൽ പറയുന്നതായി കാണാം. എന്നാല്‍, ചെറിയ പെണ്‍കുട്ടിയുടെ എവിടെയൊക്കെ നോക്കല്‍ അനുവദനീയമാണെന്ന കാര്യം പണ്ഡിതര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആഗ്രഹം ജനിക്കാത്ത ചെറിയ പെണ്‍കുട്ടിയുടെ ഗുഹ്യസ്ഥാനമല്ലാത്തതിലേക്ക് നോക്കല്‍ അനുവദനീയമാണെന്നാണ് അവര്‍ പ്രബലമാക്കിയത്. ആഗ്രഹം ജനിപ്പിക്കുമെങ്കില്‍ അവളും പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പരിധിയില്‍ വരുമെന്നാണ് പണ്ഡിതമതം. (തുഹ്ഫ 7/195)
വസ്ത്രധാരണയിലെ വ്യക്തി സ്വാതന്ത്ര്യം
ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ മൗലികാവകാശമാണ്. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കാനും പാതി മാത്രം മറയുന്നത് അണിയാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഈ രണ്ട് വസ്ത്രരീതിയെയും മാന്യമായി വിമര്‍ശിക്കാനും ഇതേ സ്വാതന്ത്ര്യം നല്‍കുന്നതാണ് ജനാധിപത്യ മര്യാദ. അവകാശത്തിനു വേണ്ടി വീറോടെ വാദിക്കുകയും വിമര്‍ശനങ്ങള്‍ക്കു നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നത് നീതിയല്ലല്ലോ. രണ്ടു കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന്, വംശവെറിയുടെയും ഇസ്‌ലാമോഫോബിയയുടെയും ഭാഗമായി മുസ്‌ലിം സ്ത്രീയുടെ വേഷത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിക്കാനായിട്ടുണ്ട്. അത് അനിവാര്യവും അഭിനന്ദനാര്‍ഹവുമാണ്. പക്ഷേ, പര്‍ദ മാത്രമാണ് ശരി എന്നുള്ളത് തികച്ചും തെറ്റായ ധാരണ മാത്രമാണ്. വിമര്‍ശകവാദങ്ങളുടെ മറുവശം ചൂണ്ടിക്കാണിച്ച് മൗലികാവകാശവും ഹിജാബിന്റെ നന്മകളും ഊന്നിപ്പറയുമ്പോള്‍ തന്നെ, മുസ്‌ലിം സമുദായത്തെ അഭിമുഖീകരിച്ച് ഇസ്‌ലാമിന്റെ സന്തുലിത നിലപാട് പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരേ വിഷയത്തില്‍, പ്രബോധിത സമൂഹത്തെയും മുസ്‌ലിം ഉമ്മത്തിനെയും അനുയോജ്യമായ വിധത്തില്‍ അഭിസംബോധന ചെയ്യാന്‍ സാധിക്കണം. രണ്ടാമത്, ഏതു ജനവിഭാഗത്തിന്റെയും സാമൂഹിക പ്രതിനിധാനം അവരുടെ ആശയങ്ങളുടെ പ്രകടനങ്ങള്‍ കൂടിയാണ്. ആദര്‍ശ പ്രബോധക സംഘം എന്ന നിലയില്‍ മുസ്‌ലിം ഉമ്മത്തിന്റെ ഏതൊരു സാമൂഹിക പ്രതിനിധാനവും പ്രബോധിത സമൂഹത്തെ കൂടി പരിഗണിച്ചുകൊണ്ടാകേണ്ടത് ഇസ്‌ലാമിന്റെ വിശാല താല്‍പര്യത്തില്‍ പെടുന്നു. അതുകൊണ്ട് വ്യക്തി-സമുദായ അവകാശങ്ങളുമായി മാത്രം ബന്ധപ്പെടുത്തിയല്ല, ഇസ്‌ലാമിക ദര്‍ശനത്തിന്റെ സൗന്ദര്യാത്മക അവതരണം കൂടി പരിഗണിച്ചാകണം ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്.
പര്‍ദ മാത്രമാണോ ഇസ്ലാമിക സ്ത്രീവേശം:
മനുഷ്യപ്രകൃതത്തെ പരിഗണിച്ചുകൊണ്ട് നിയമനിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് സാധ്യമാകുന്നിടത്തോളം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇസ്‌ലാം ശ്രദ്ധിച്ചിട്ടുണ്ട്. മനുഷ്യാഭിരുചികളുടെ വൈജാത്യങ്ങളും പ്രാദേശികതകളുടെ വ്യത്യസ്തകളും ആവിഷ്‌കരിക്കാന്‍ നിയമത്തിനകത്ത് നല്‍കപ്പെട്ട സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണ്. ഖുര്‍ആന്‍ അവതരിച്ചത് അറബിയിലായതിനാലും മുഹമ്മദ് നബി ജീവിച്ചത് അറബ് നാട്ടിലായതിനാലും അറേബ്യയുടെ തനത് സംസ്‌കൃതി ലോകത്തെമ്പാടുമുള്ള മുസ്‌ലിംകള്‍ സ്വീകരിക്കണമെന്ന് ഒരു വിധത്തിലുള്ള ശാസനയും നിര്‍ദേശവും നല്‍കപ്പെട്ടതായി അറിയില്ല. വസ്ത്രം, ഭക്ഷണം തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.
മുസ്‌ലിം സ്ത്രീയോ പുരുഷനോ, പ്രത്യേക രൂപത്തിലോ ഇനത്തിലോ നിറത്തിലോ ഉള്ള വസ്ത്രം ധരിക്കണമെന്ന് വിശുദ്ധ ഖുര്‍ആനോ പ്രവാചക ചര്യയോ നിര്‍ദേശിച്ചിട്ടില്ല. പ്രവാചക ശിഷ്യരോ പില്‍ക്കാല പണ്ഡിതരോ മുസ്‌ലിംകള്‍ക്ക് സവിശേഷ രീതിയിലുള്ള വസ്ത്രം നിശ്ചയിച്ചിട്ടേ ഇല്ല. മാറിടത്തിലേക്ക് വസ്ത്രം താഴ്ത്തിയിടണമെന്ന ഖുര്‍ആനിക ശാസനയാണ് സ്ത്രീ വസ്ത്രധാരണവുമായി ബന്ധപ്പെട്ട സവിശേഷ നിര്‍ദേശം. തലമറക്കുന്നതില്‍ കണിശത പുലര്‍ത്തുന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതാണ് ഈ കല്‍പന. മാത്രമല്ല, മാറിടം മറക്കാനുള്ള ഖുര്‍ആനിക നിര്‍ദേശവും മാറു തുറന്നിടാന്‍ കേരളത്തിലെ മേല്‍ജാതിക്കാര്‍ താഴ്ന്ന ജാതി സ്ത്രീകളെ നിര്‍ബന്ധിച്ചതും അതിനെതിരെ മാറു മറക്കല്‍ സമരം നടന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്ന ഏതു വസ്ത്രവും അണിയാം. ഇന്ന് 'പര്‍ദ' എന്ന് വിളിക്കപ്പെടുന്ന പ്രത്യേക വസ്ത്രം മാത്രമാണ് മുസ്‌ലിം സ്ത്രീയുടെ വേഷമാകേണ്ടത് എന്ന് ഖുര്‍ആനോ നബിചര്യയോ പഠിപ്പിച്ചിട്ടില്ല.
സ്ത്രീ വേഷം സംബന്ധിച്ച ഖുര്‍ആനിക നിര്‍ദേശങ്ങള്‍ അവതരിക്കുന്ന കാലത്ത് പ്രവാചകനോടൊപ്പം ജീവിച്ച പത്‌നിമാരും പെണ്‍മക്കളും മുസ്‌ലിം സ്ത്രീകളും വിവിധ നിറത്തിലും രൂപത്തിലുമുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. തുന്നാത്ത പട്ടു വസ്ത്രം, തുണി പോലുള്ള ഒറ്റ വസ്ത്രം, ഉടുതുണി, കുപ്പായം, മുഖമക്കന തുടങ്ങിയവയാണ് അവര്‍ ധരിച്ചിരുന്നത് എന്ന് ഹദീസുകളില്‍ കാണാം.
ഉമ്മു സലമയില്‍ നിന്ന് അബൂദാവൂദ് ഉദ്ധരിച്ച ഹദീസ്: ഉമ്മ സലമ നബിയോട് ചോദിച്ചു: ''പെണ്‍കുപ്പായവും (ഖമീസ്വ്) മുഖമക്കനയും (ഖിമാര്‍) ധരിച്ച് സ്ത്രീകള്‍ക്ക് നമസ്‌കരിക്കാമോ?'' 'കാല്‍പാദങ്ങള്‍ മറയുമെങ്കില്‍ അനുവദനീയമാണെന്ന്' നബി മറുപടി പറഞ്ഞു. നീളക്കുപ്പായം, പെണ്‍കുപ്പായം, ഗൗണ്‍ എന്നൊക്കെയാണ് ഖമീസ്വിന്റെ അര്‍ഥം.ഖമീസ്വിനെ വിശദീകരിക്കാന്‍ ഉപയോഗിച്ച 'ദിര്‍അ്' എന്ന പദത്തിനാകട്ടെ സ്ത്രീകള്‍ വീട്ടില്‍ ധരിക്കുന്ന വസ്ത്രം, സ്ത്രീകളുടെ അടിയുടുപ്പ് എന്നൊക്കെയാണ് അര്‍ഥം (അല്‍മന്‍ഹല്‍). അല്‍ മുഅ്ജമുല്‍ വസിത്വീല്‍ ഖമീസ്വിന് നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍ മേല്‍ വസ്ത്രത്തിന് (ദിസാര്‍) താഴെ ഉപയോഗിക്കുന്ന അടിവസ്ത്രം (ശിആര്‍), മേല്‍ വസ്ത്രം-മേല്‍കുപ്പായം- മൂടുപുടവ (ജില്‍ബാബ്), ശരീരം മറയുന്ന കോട്ടിന് (സുത്‌റ) താഴെ ധരിക്കുന്ന നേര്‍ത്ത വസ്ത്രം എന്നൊക്കെയാണ്. മേല്‍ വസ്ത്രം ധരിക്കാതെ, വീട്ടില്‍ സാധാരണ ധരിക്കുന്ന നേര്‍ത്ത വസ്ത്രത്തില്‍ നമസ്‌കരിക്കാമോ എന്ന ഉമ്മു സലമയുടെ ചോദ്യവും നബിയുടെ മറുപടിയും ശ്രദ്ധിച്ചാല്‍ ഖമീസ് എന്നതും ഇന്നത്തെ പര്‍ദയെക്കുറിക്കുന്ന പ്രയോഗമല്ല എന്നാണ് മനസ്സിലാകുന്നത്.
നബി പുത്രി ഉമ്മു കുല്‍സുമിനെ കഫന്‍ ചെയ്തതു സംബന്ധിച്ച് ഉമ്മു അത്വിയ്യയില്‍ നിന്ന് അബൂദാവൂദ് ഉദ്ധരിച്ചത് കാണുക: ''നബിയുടെ മകള്‍ ഉമ്മു കുത്സൂമിനെ ഉടുതുണി, കുപ്പായം, മുഖമക്കന, ചുറ്റിപൊതിയുന്ന രണ്ടു കഷ്ണം വസ്ത്രം എന്നിവയിലാണ് കഫന്‍ ചെയ്തത്'' (അബൂദാവൂദ്). രണ്ട് ആശയങ്ങള്‍ ഈ ഹദീസില്‍ നിന്ന് ലഭിക്കുന്നു. ഒന്ന്, ജീവിച്ചിരിക്കെ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കഫന്‍ ചെയ്യാനും ഉപയോഗിച്ചു. രണ്ട്, തുണിയും കുപ്പായവും മുഖമക്കനയും ധരിക്കുന്ന സമ്പ്രദായം നബിയുടെ കാലത്ത് മകള്‍ ഉള്‍പ്പെടെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു.
ജില്‍ബാബ് പര്‍ദയാണോ?
സ്ത്രീ വസ്ത്രവുമായി ബന്ധപ്പെട്ട് ഖുര്‍ആനിലും ഹദീസിലും ഉപയോഗിച്ചിട്ടുള്ള പദമാണ് ജില്‍ബാബ്. ''പ്രവാചകരേ, താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും തങ്ങളുടെ ജില്‍ബാബ് ശരീരത്തില്‍ താഴ്ത്തിടയിടണമെന്ന് കല്‍പിക്കുക'' (അല്‍അഹ്‌സാബ് 59). ഉമ്മു അത്വിയ്യ നിവേദനം ചെയ്യുന്നു: ''ഒരു സ്ത്രീ നബിയോട് ചോദിച്ചു: ഞങ്ങളിലൊരാള്‍ക്ക് ജില്‍ബാബ് ഇല്ലെങ്കില്‍ എന്തു ചെയ്യണം? അവള്‍ക്ക് സഹോദരിയുടെ ജില്‍ബാബില്‍ നിന്ന് ഒന്ന് ധരിക്കാന്‍ കൊടുക്കട്ടെ എന്ന് നബി നിര്‍ദേശിച്ചു'' (സ്വഹീഹുല്‍ ബുഖാരി).
പ്രത്യേക രൂപത്തിലുള്ള ഒരു ഇനം വസ്ത്രമല്ല ജില്‍ബാബ്. ഇസ്‌ലാം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഏതു രൂപത്തിലുള്ള വസ്ത്രത്തെയും ഉള്‍ക്കൊള്ളാവുന്ന പ്രയോഗമാണത്. അറബി ഭാഷയിലെ ആധികാരിക നിഘണ്ടുവായി പരിഗണിക്കപ്പെടുന്ന ലിസാനുല്‍ അറബ്, കുപ്പായം (ഖമീസ്), വിശാലമായതും രിദാഇന് താഴെ ധരിക്കുന്നതും സ്ത്രീകള്‍ തലയും മാറിടവും മറക്കുന്നതുമായ വസ്ത്രം എന്നീ അര്‍ഥങ്ങളാണ് ജില്‍ബാബിന് നല്‍കിയത്. ''സ്ത്രീകള്‍ ധരിക്കുന്ന വിശാലതയുള്ള വസ്ത്രം, തണുപ്പിന് ഉപയോഗിക്കുന്ന വസ്ത്രം (മില്‍ഹഫ) പോലെ സ്ത്രീകള്‍ മുകളില്‍ ഉപയോഗിക്കുന്ന വസ്ത്രം, മുഖമക്കന എന്നൊക്കെ പറയപ്പെടുന്നു'' എന്നും ഇബ്‌നു മന്‍ദ്വൂര്‍ ഉദ്ധരിക്കുന്നു. 'ജില്‍ബാബ് ഇല്ലാത്തവള്‍ക്ക് കൂട്ടുകാരി ഒന്ന് നല്‍കട്ടെ' എന്ന ഉമ്മു അത്വിയ്യ നിവേദനം ചെയ്ത ഹദീസ് ഉദ്ധരിച്ചുകൊണ്ട് ജില്‍ബാബ് എന്നാല്‍ 'തുണി' (ഇസാര്‍) ആണെന്നും ലിസാനുല്‍ അറബില്‍ പറയുന്നു. 'അവര്‍ തങ്ങളുടെ ജില്‍ബാബുകള്‍ താഴ്ത്തിയിടട്ടെ' എന്ന ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു സകീതിന്റെയും ആമിരിയ്യയുടെയും അഭിപ്രായത്തില്‍ ജില്‍ബാബ് എന്നാല്‍ 'ഖിമാര്‍' ആണെന്നും ഇബ്‌നു മന്‍ദ്വൂര്‍ വ്യക്തമാക്കുന്നു (ലിസാനുല്‍ അറബ്- അല്ലാമ അബുല്‍ ഫദ്ല്‍ ജമാലുദ്ദീന്‍ മുഹമ്മദ് ബ്‌നു മന്‍ദൂര്‍ മിസ്വ്‌രി, 1/272-273, ദാറുബൈറൂത്ത്, 1968).
കുപ്പായം (ഖമീസ്വ്), ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം, മുഖമക്കന (ഖിമാര്‍), വസ്ത്രത്തിനു (സൗബ്) മുകളില്‍ ധരിക്കുന്ന കോട്ട് (മില്‍ഹഫ) പോലുള്ളത്, മേലാട (മുലാഅ) എന്നിങ്ങനെയാണ് യഥാക്രമം അല്‍ മുഅ്ജമുല്‍ വസീത്വില്‍ ജില്‍ബാബിന് നല്‍കുന്ന അര്‍ഥങ്ങള്‍ (1-2/ പേജ് 149). 'കുപ്പായം, മുഖമക്കന' എന്നാണ് ഖാമുസില്‍ നല്‍കിയിട്ടുള്ളത് (1/817). മുഖമക്കനയെക്കാള്‍ വലിയ വസ്ത്രം എന്നാണ് ഖുര്‍ത്വുബി ജില്‍ബാബിന് നല്‍കുന്ന വിശദീകരണം (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍- 7/13,14 പേജ് 243, ദാറുല്‍ കുതുബ്, കയ്‌റോ- 1967). 'ഇബ്‌നു അബ്ബാസും ഇബ്‌നു മസ്ഊദും തട്ടം (രിദാഅ്) എന്നാണ് പറഞ്ഞിരിക്കുന്നത്. മുഖം മറക്കുന്നത് എന്നും പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ശരീരം മുഴുവന്‍ മറയുന്ന വസ്ത്രമാണ് ജില്‍ബാബ്' എന്നൊക്കെ ഖുര്‍ത്വുബി വിശദീകരിച്ചിട്ടുണ്ട് (അതേ പുസ്തകം).
ഇബ്‌നു കസീര്‍ ഈ സൂക്തത്തിന് നല്‍കിയ വിശദീകരണത്തില്‍ ജില്‍ബാബിനെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: മുഖമക്കനക്ക് മുകളില്‍ ധരിക്കുന്ന തട്ടം (രിദാഅ്) ആണ് ജില്‍ബാബ്. ഇബ്‌നു മസ്ഊദ്, ഉബൈദ, ഖതാദ, ഹസനുല്‍ ബസ്വരി സഈദ്ബ്‌നു ജുബൈര്‍, ഇബ്‌റാഹീമുന്നഖഈ, അത്വാഅ്, ഖുറാസാനി തുടങ്ങിയവരും ഇതേ അര്‍ഥമാണ് നല്‍കിയിട്ടുള്ളത്. ഇന്ന് (അരയുടുപ്പ്, അരക്കച്ചി, പുതപ്പ്, ശരീരമം മറക്കാനുപയോഗിക്കുന്ന വസ്ത്രം എന്നൊക്കെ അര്‍ഥം പറയുന്ന) ഇസാര്‍ ആണ് ജില്‍ബാബ് കൊണ്ട് ഉദ്ദേശിക്കുന്നത് (തബ്‌സീറു ഇബ്‌നു കസീര്‍ 3/518, 519).
ഇസ്‌ലാം സ്ത്രീകള്‍ക്ക് ഒരു ഇനം വസ്ത്രം മാത്രം നിര്‍ദേശിക്കുന്നില്ലെന്നും മുസ്‌ലിം സ്ത്രീകള്‍ നബിയുടെ കാലത്ത് വൈവിധ്യമാര്‍ന്ന വസ്ത്രധാരണ രീതി സ്വീകരിച്ചിരുന്നുവെന്നും ഖുര്‍ആന്‍, ഹദീസ് വിവരണങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒരേയൊരു രൂപത്തിലും നിറത്തിലുമുള്ള വസ്ത്രമേ ഉപയോഗിക്കാവൂ എന്ന് പ്രവാചകന്‍ നിർദ്ദേശം നൽകിയിരുന്നില്ല. സാധ്യമാകുന്ന മേഖലകളില്‍ വൈവിധ്യതകളെ നിലനിര്‍ത്താനാണ് അനുഷ്ഠാനങ്ങളുടെ വിശദാംശങ്ങളില്‍ വരെ നബി ശ്രദ്ധിച്ചത്. വൈവിധ്യത്തിലെ സൗന്ദര്യത്തെ ഇത്രമേല്‍ അംഗീകരിച്ച ഇസ്‌ലാമിക ദര്‍ശനത്തെ സ്ത്രീവേഷത്തിലെ കറുപ്പില്‍ മുക്കിക്കളയുന്നത് അനീതിയാണ്.
നിലവിലുള്ള തദ്ദേശീയ വസ്ത്ര രീതി മാറ്റാതെ അതിനെത്തന്നെ ഇസ്‌ലാമികവത്കരിക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. അറബികള്‍ 'തട്ടം' തലയില്‍ ചുറ്റി പുറകിലേക്ക് ഇടുകയായിരുന്നു പതിവ്. അത് മാറ്റി, തട്ടം മാറിടത്തിലേക്ക് വലിച്ചിടണം എന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചു. പ്രാദേശികതയെ ഉടച്ചുവാര്‍ക്കുകയല്ല, ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുകയാണ് ചെയ്തത്.
പർദയുടെ ഉത്ഭവം:'പര്‍ദ' എന്ന് വിളിക്കപ്പെടുന്ന വസ്ത്രം അറേബ്യയില്‍ നിലവിലുണ്ടായിരുന്നതോ, നബിയുടെ കാലത്ത് മുസ്‌ലിം സ്ത്രീകള്‍ ഉപയോഗിച്ചിരുന്നതോ അല്ല. 'പര്‍ദ' എന്ന പദം തന്നെ പേര്‍ഷ്യന്‍ ഭാഷയാണ്. 'മറ' എന്നാണ് അതിനര്‍ഥം. സമാനാര്‍ഥത്തിലുള്ള അറബി പദമാണ് 'ഹിജാബ്'. ഒരു പ്രത്യേക വസ്ത്രത്തിന്റെ പേരായോ, സ്ത്രീവസ്ത്രം എന്ന അര്‍ഥത്തിലോ 'ഹിജാബ്' എന്ന പദം ഖുര്‍ആനും ഹദീസും ഉപയോഗിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന് മുമ്പേ പേര്‍ഷ്യന്‍ മജൂസി സ്ത്രീകളുടെ വസ്ത്രമായിരുന്നു കറുത്ത പര്‍ദ. ഇസ്‌ലാം സ്വീകരിച്ച ശേഷവും അവര്‍ അതേ കറുത്ത പര്‍ദ തന്നെ തുടര്‍ന്നു. അതേസമയം അറേബ്യയില്‍ മറ്റു പല വസ്ത്രങ്ങളുമാണ് സ്ത്രീകള്‍ ഉപയോഗിച്ചിരുന്നതെന്ന് മുന്‍ വിവരണങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ. വെളുപ്പ്, പച്ച,ചുകപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ നബി(സ) ഉപയോഗിച്ചിരുന്നു. വെള്ളവസ്ത്രം നബി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ല. കേരളത്തിലും മുമ്പ് വെളുത്തതും ഇളം നീല നിറമുള്ളതുമായ ബുര്‍ഖകളാണ് ഉപയോഗിച്ചിരുന്നത്. സ്ത്രീവസ്ത്രത്തില്‍ കറുപ്പിന് പ്രത്യേകമായ പരിഗണന ഇസ്‌ലാം നല്‍കിയിട്ടില്ല. പേര്‍ഷ്യന്‍ വസ്ത്രവും കറുത്ത നിറവും പിന്നീട് അറേബ്യന്‍ സ്ത്രീ വേഷമായി മാറുകയാണുണ്ടായത്. അതിന് രാഷ്ട്രീയമായ കാരണങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. അമവികള്‍ക്ക് ശേഷം ശീഈ-പേര്‍ഷ്യന്‍ സ്വാധീനമുള്ള അബ്ബാസികളുടെ ഭരണം വന്നു. അവര്‍ കറുത്ത കൊടിയും കഅ്ബയില്‍ കറുത്ത കില്ലയും ഉപയോഗിച്ചു. അങ്ങനെ കറുത്ത പര്‍ദയും പേര്‍ഷ്യക്കാരില്‍ നിന്ന് അറേബ്യയില്‍ എത്തി. ഈ 'പര്‍ദ'ക്ക് രൂപമാറ്റം വരുത്തി പിന്നീട് ഉപയോഗിച്ചു തുടങ്ങിയതാകാം 'അബായ' എന്ന പേരും.എന്നാല്‍, ഇസ്‌ലാം അനുശാസിക്കുന്ന വസ്ത്ര സംസ്‌കാരത്തെ നന്നായി പ്രതിനിധാനം ചെയ്യുന്ന വസ്ത്രങ്ങളില്‍ ഒന്നാണ് പര്‍ദ. അയഞ്ഞു തൂങ്ങിയ, ശരീരം മുഴുവന്‍ മറക്കുന്ന അതിന്റെ രൂപം മാതൃകാപരമാണ്. സ്ത്രീകള്‍ക്ക് ഏതവസരത്തിലും എളുപ്പത്തില്‍ ധരിക്കാനും പ്രയാസരഹിതമായി ഉപയോഗിക്കാനും കഴിയുന്നത് പര്‍ദയുടെ ഗുണങ്ങളില്‍ പെടുന്നു. പര്‍ദ ധരിക്കുമ്പോള്‍ സുരക്ഷിതത്വബോധം അനുഭവപ്പെടുന്നുവെന്ന് വ്യത്യസ്ത മതക്കാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ഗുണവശങ്ങള്‍ എല്ലാം ഉണ്ടായിരിക്കെത്തന്നെ ഇസ്‌ലാമിക മാനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വസ്ത്ര രൂപങ്ങളില്‍ ഒന്നു മാത്രമാണ് പര്‍ദ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പക്ഷെ, ബോഡിഷേപ്പ് വരുത്തി ശരീരത്തിന്റെ അംഗലാവണ്യം പ്രോജക്ട് ചെയ്യപ്പെടുംവിധം വികൃതമാക്കിയും പര്‍ദ അണിയുന്ന രീതി ഇന്ന് വ്യാപകമായി കണ്ടുവരുന്നു. ഇറുകിയ വസ്ത്രം ധരിക്കുന്നത് പ്രവാചകന്‍ വിലക്കിയിരിക്കെ ബോഡിഷെയ്പ്പ്, ടൈറ്റ്ഫിറ്റ് പര്‍ദകള്‍ എന്ന സങ്കല്‍പം ഇസ്‌ലാമിക മാനദണ്ഡങ്ങളുടെ ലംഘനമായിത്തീരുന്നു.
മറുഭാഗത്ത് പര്‍ദക്ക് പ്രത്യേകമായൊരു അപ്രമാദിത്വം കല്‍പിക്കുകയും മറ്റു വസ്ത്രങ്ങള്‍ പൂര്‍ണ ഇസ്‌ലാമിക സ്വഭാവത്തില്‍ ധരിച്ചാലും അതൊരു കുറച്ചിലായി ഗണിക്കപ്പെടുകയും പര്‍ദ ധാരിണികള്‍ക്കിടയില്‍ ഇതര വസ്ത്രമണിഞ്ഞവര്‍ അവജ്ഞയോടെ വീക്ഷിക്കപ്പെടുകയും ചെയ്യാവതല്ല.
അധികാരവും തിരഞ്ഞെടുപ്പും
ഇസ്ലാമിക വേഷവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന മറ്റൊരു പ്രധാന ചര്‍ച്ചയാണ് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എന്ന പ്രശ്‌നം. ഒന്നുകില്‍ മുസ്ലിം പുരുഷന്മാരുടെ സമ്മര്‍ദ്ദത്തിന് വഴിപ്പെട്ടവരോ അല്ലെങ്കില്‍ ചിന്താശേഷി നഷ്ടപ്പെട്ടവരോ ആയിട്ടാണ് ഇസ്ലാമിക വേഷം തിരഞ്ഞെടുക്കുന്ന സ്ത്രീകളെ പ്രബല വ്യവഹാരങ്ങള്‍ വിലയിരുത്താറുള്ളത്. അതായത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ഇസ്ലാമിക വേഷം തിരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് കല്‍പ്പിച്ചു കൊടുക്കാറില്ലെന്ന് സാരം.
എന്നാൽ, ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് എന്നത് അവള്‍/അവന്‍ നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് Elizabeth Bucar, Ann Marie Leshkowich, Carla Jonse തുടങ്ങിയവര്‍ വാദിക്കുന്നുണ്ട്. ഒരു (creative conformity) ക്രിയാത്മകമായ അനുവര്‍ത്തനം ആയിട്ടാണ് എലിസബത്ത് ബുക്കാര്‍ ഈ ബന്ധത്തെ വിശേഷിപ്പിക്കുന്നത്. തങ്ങള്‍ ജീവിക്കുന്ന സാഹചര്യത്തിന് യോജിച്ച രീതിയില്‍ വസ്ത്രം ധരിക്കുക എന്നത് സ്വാഭാവിക കാര്യമായാണ് ബുക്കാര്‍ കാണുന്നത്. ഇവിടെ വ്യക്തിയുടെ നിര്‍വഹാകത്വം എന്നത് ഘടനാപരമായ സന്ദര്‍ഭത്തോട് തന്ത്രപരമായി ഇടപെടുകയാണ് ചെയ്യുന്നത്. അതെപ്പോഴും സ്വീകരിക്കുക/തിരസ്‌കരിക്കുക തുടങ്ങിയ രീതിയില്‍ മാത്രം പരിമിതമാവുന്നില്ല. അതുകൊണ്ട് തന്നെ ഏതൊരു വ്യക്തിയുടെയും (സ്ത്രീയുടെയും, പുരുഷന്റെയും) തിരഞ്ഞെടുപ്പ് അവരുടെ സ്വന്തം നിയന്ത്രണത്തിലൊതുങ്ങുന്നില്ല. സാമൂഹികമായ സമ്മര്‍ദ്ദങ്ങളും കാമനകളും ലിംഗപരമായ മാനങ്ങളുമൊക്കെ തിരഞ്ഞെടുപ്പിനെ നിര്‍ണ്ണയിക്കുന്നുണ്ട്. അതുകൊണ്ട് മുസ്ലിം സ്ത്രീയുടെ തിരഞ്ഞെടുപ്പ് എന്നത്, മറ്റു സ്ത്രീ ജീവിതങ്ങളില്‍ നിന്നും വലിയ വ്യത്യസ്തമായി കാണേണ്ടതില്ല എന്നാണ് അവര്‍ പറയുന്നത്.
വിമർശനവും, സുരക്ഷിതത്വ ആസ്വാദനവും :
ലിംഗസമത്വത്തിന്‍റെ പേരിൽ ഇസ്ലാമിനെയും ഇസ്ലാം വിഭാവനം ചെയ്യുന്ന വസ്ത്രധാരണയെയും പുച്ഛിക്കുന്നവര്‍, ജീവിക്കാനവകാശമില്ലാത്ത പതിനാല് നൂറ്റാണ്ട് മുന്നെയുള്ള സ്ത്രീസമൂഹത്തെ കാണണം. പെണ്‍കുഞ്ഞിനെ വളര്‍ത്തുന്നതില്‍ പ്രോത്സാഹനം നല്‍കുകയും മാതൃക കാണിക്കുകയും ചെയ്തവരാണ് നബി (സ) തങ്ങള്‍. ആരാധനാലയങ്ങളിലേക്ക് വരെ സ്ത്രീ വിലങ്ങപ്പെട്ടത് അവളുടെ സുരക്ഷിതത്തെ പ്രധാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. കാരണം, ഇസ്ലാം വിദ്യാഭ്യാസവും സ്ഥാനവും സമ്പത്തും സ്ത്രീക്ക് അവകാശപ്പെടുത്തുന്നുണ്ട്. ഇസ്ലാമികാശയങ്ങളെ പഠിക്കാതെയുള്ള വിമര്‍ശനം ഇവിടെ അപ്രസക്തമാണ്.
മാത്രമല്ല , ബ്രിട്ടനില്‍ പൊതു ഇടങ്ങളില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക വേഷത്തിന്റെ ദൃശ്യതയെ കുറിച്ച് പഠനം നടത്തിയ അന്യമതസ്ഥയായ എമ്മ റ്റാര്‍ലോ പോലും ഇങ്ങനെ പറയുന്നുണ്ട് . "ലിബറലിസത്തിന്റെയും മുതലാളിത്തത്തിന്റെയും ഭാഗമായി അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് ഇക്കൊണമിയില്‍ ശരീരം തുറന്നിടുക എന്നത് ട്രെന്‍ഡായും പരിഷ്‌കാരമായും വ്യഖ്യാനിക്കപ്പെടുന്ന സാഹചര്യങ്ങളെ ഇസ്ലാമിക വേഷം ധരിച്ചു കൊണ്ട് പല മുസ്ലിം സ്ത്രീകളും പ്രതിരോധിക്കുന്നുണ്ട്" .ഇതിലൂടെ അവർ ആസ്വദിക്കുന്ന സുരക്ഷിതത്വത്തേയും അവർ ചൂണ്ടിക്കാട്ടുന്നു. വിപണിയോടു ഒത്തുചേർന്ന് മാത്രമല്ല അതിന്റെ യുക്തികളോട് കലഹിച്ചും - ബോധപൂര്‍വമോ അല്ലാതെയോ- സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പുകള്‍ ഈ അര്‍ത്ഥത്തില്‍ പ്രധാനമല്ലേ? അതിന്റെ രാഷ്ട്രീയപരമായ ഫലങ്ങള്‍ ആ അര്‍ത്ഥത്തില്‍ കാണണം എന്ന റ്റാര്‍ലോയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്.
ഇസ്ലാമിക വേഷത്തെ വിലയിരുത്തുമ്പോള്‍ :
ഇസ്ലാമിക വേഷത്തെ വിമോചനം അല്ലെങ്കില്‍ അടിച്ചമര്‍ത്തല്‍ എന്ന ദ്വന്ദത്തിലൂടെ ലഘുകരിക്കാന്‍ സാധ്യമല്ല. മറ്റു വസ്ത്രങ്ങളെപോലെ തന്നെ അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും തിരഞ്ഞെടുപ്പിന്റെറയും നിയന്ത്രണത്തിന്റെയും ദൃശ്യതയുടെയും അദൃശ്യതയുടെയും ഒക്കെ ബഹുവിധ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നായി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിക വേഷത്തിന്റെ തിരഞ്ഞെടുപ്പ് മറ്റൊരു സാഹചര്യത്തില്‍ ഘടനപരമായി ഒരു കീഴടങ്ങല്‍ ആവാം. നേരെ തിരിച്ചു പ്രത്യക്ഷമായ ഒരു കീഴടങ്ങല്‍ ഘടനാപരമായ അര്‍ത്ഥത്തില്‍ വലിയ ഒരു തുറസ് സൃഷ്ടിക്കലും ആവാം. അല്ലെങ്കില്‍ സബ മഹമൂദ് ഒക്കെ നിരീക്ഷിക്കുന്ന പോലെ അടിച്ചമര്‍ത്തല്‍/വിമോചനം എന്ന ദ്വന്ദത്തെ തന്നെ അപ്രസകതമാകുന്ന മറ്റൊരു പ്രവര്‍ത്തന/ജീവിത രീതിയും ആവാം. ഇസ്ലാമിക വേഷം ഓരോ സാഹചര്യങ്ങളിലും പല അര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വ്യത്യസ്ത സാമുഹിക സാംസ്‌കാരിക രാഷ്ട്രിയ സാഹചര്യങ്ങളിലെ ഇസ്ലാമിക വേഷത്തിന്റെ പ്രധിനിധാനത്തിന് തീര്‍ത്തും വ്യത്യസ്ഥമായ കാരണങ്ങളാണുള്ളത്. ഒരേ സാമുഹിക ചുറ്റുപാടുകളില്‍ ജിവിക്കുന്ന മുസ്ലിം സ്ത്രികള്‍ പോലും ഇസ്ലാമിക വേഷത്തെ സമിപിക്കുന്നത് വ്യത്യസ്ഥമായിട്ടാണ് എന്ന് നാം മനസ്സിലാക്കുക.
പ്രാചീന സമൂഹത്തിൽ നിന്നും ആധുനിക സമൂഹത്തിലേക്ക് വരുമ്പോൾ വിജ്ഞാനം എത്രത്തോളം മനുഷ്യനിൽ സ്വാധീനം ചെലുത്തിയോ അതിനേക്കാൾ വലിയ തോതിൽ സ്വന്തമായുള്ള അവബോധം മനുഷ്യനെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ അടയാളമായിരുന്നു നഗ്നശരീരങ്ങളിൽ നിന്നും നാണം മറക്കപ്പെട്ട ശരീരത്തിലേക്കുള്ള മനുഷ്യന്റെ പരിണാമം. എന്നാൽ നാണം മറക്കുന്ന വിഷയത്തിൽ ആധുനികതയുടെ അതിപ്രസരം ഇന്ന് മനുഷ്യനെ സംസ്കാരശൂന്യരാക്കി രൂപപ്പെടുത്തിയിരിക്കുന്നു .
എന്നാൽ മനഃശാസ്ത്രപരമായി ഇതിനെ വിശകലനം ചെയ്യുമ്പോൾ കുത്തഴിഞ്ഞ മോഡേണിസത്തിന്റെ കടന്നുകയറ്റം കാരണമായി ധരിക്കുന്ന വസ്ത്രത്തിന്റെ വ്യാപ്തി കുറയുകയും വെളിവാക്കുന്ന ശരീരഭാഗങ്ങളുടെ തോത് കൂടുകയും ചെയ്യുന്നതനുസരിച്ച് ലോകത്ത് അക്രമങ്ങളും പീഡനങ്ങളും അരാജകത്വവും അനുവദനീയമല്ലാത്ത ലൈംഗികവേഴ്ചകളും വർധിക്കുന്നതായി മനസ്സിലാക്കാം. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ലൈംഗികമായ ചിന്തകൾ ഉത്തേജനം സിദ്ധിച്ച് ഉത്ഭവിക്കപ്പെടാൻ ഇത്തരം ചിന്തകളെ ഉണർത്തുന്ന തരത്തിലുള്ള ഒരു ചിത്രം തന്നെ ധാരാളമാണ്. എന്നാൽ സ്ത്രീക്ക് അത്ര വേഗം ഈ ഒരു അവസ്ഥ സാധ്യമാവുകയില്ല. അപ്പോൾ മറ്റെല്ലാ കാര്യങ്ങളും അനുകൂലമായി ഒത്തിണങ്ങിയ സാഹചര്യത്തിൽ ഒരു പുരുഷൻ ലൈംഗികത ഉണർത്തുന്ന രീതിയിൽ വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയെ കാണുമ്പോൾ അവിടെ അരുതാത്തത് നടക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നത് വ്യക്തമാണ്.
ഇവിടെയാണ് ഇസ്ലാമിന്റെ ദർശനങ്ങളെ ആധാരമാക്കി ബദൽ നിയമങ്ങളുടെ നിർമ്മാണങ്ങളിലേക്ക് സമൂഹവും ഗവൺമെൻറ്കളും ആവശ്യക്കാരാവുന്നത്. ഇസ്ലാം നിഷ്കർഷിക്കുന്ന രീതിയിൽ വസ്ത്രധാരണം നടത്തിയാണ് ഒരു സ്ത്രീ പുറത്തിറങ്ങുന്നത് എങ്കിൽ ഇത്തരം നികൃഷ്ടമായ ചിന്തകൾ ബീജാവാപം പ്രാപിക്കുന്നതിൽ നിന്ന് അവളുടെ വസ്ത്രധാരണം നിയന്ത്രണം സൃഷ്ടിക്കും. ഇങ്ങനെ പ്രായോഗിക തലത്തിലും മാതൃകാപരമായ സമീപനമാണ്
മതം പ്രദാനം ചെയ്യുന്നത്.
ഈ വസ്തുതകൾ ഒക്കെ നിലനിൽക്കുന്നത് കൊണ്ട് പുതുതലമുറ സൃഷ്ടിച്ചു വിടുന്ന ഉച്ചനീചത്വങ്ങൾ അരങ്ങു തകർക്കുമ്പോഴും പ്രതികരണത്തിന്റെ പ്രഥമ ഭാവം പോലും പ്രകടമാക്കാൻ പ്രയാസപ്പെട്ട് സ്വന്തം പ്രതിച്ഛായയെ പുത്തൻ പ്രമാണികതകൾക്ക് മുന്നിൽ പണയം വെക്കാൻ പ്രേരിതനാവുകയാണ് പലപ്പോഴും യഥാസ്ഥിതികനായ സാധാരണക്കാരൻ. ഈ ഒരു ദുരവസ്ഥ മാറണമെങ്കിൽ ധാർമികമായി അവബോധമുള്ള ഒരു തലമുറ ഇവിടെ വളർന്നു വരണം. ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ വസ്ത്രധാരണം നടത്തുന്ന, ഒഴുക്കിനെതിരെ നീന്താൻ കഴിയുന്ന, പ്രതികരിക്കാൻ ശേഷിയുള്ള ഒരു യുവതലമുറയുടെ പിറവിക്കായി നമുക്ക് പ്രയത്നിക്കാം, പ്രാർത്ഥിക്കാം.
പഠനം/അനീസ കബീർ
(MIC വഫിയ്യ വിദ്യാർത്ഥിനി)
COMMENTS